എടക്കര ഗ്രാമപഞ്ചായത്തിലെ താല്‍ക്കാലിക ശുചീകരണ തൊഴിലാളിയും പേട്ടക്കുന്ന് ശ്മശാനത്തിലെ ജീവനക്കാരനുമായിരുന്നു മരിച്ച സുനിൽ. 

മലപ്പുറം: എടക്കരയില്‍ മൃതദേഹം സംസ്‌കരിക്കാനായി ശ്മശാനത്തില്‍ കുഴിയെടുക്കുന്നതിനിടയില്‍ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. എടക്കര തമ്പുരാന്‍കുന്ന് അരീക്കോടന്‍ സുനില്‍ എന്ന തെയ്യന്‍ സുനില്‍ (46) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. 

ചാലി കോളനിയില്‍ മരിച്ച വീട്ടമ്മയുടെ ശരീരം സംസ്‌കരിക്കാനായി പാലുണ്ട പേട്ടക്കുന്നിലെ ശ്മശാനത്തില്‍ കുഴിയെടുക്കുമ്പോള്‍ സുനിലിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ എടക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എടക്കര ഗ്രാമപഞ്ചായത്തിലെ താല്‍ക്കാലിക ശുചീകരണ തൊഴിലാളിയും പേട്ടക്കുന്ന് ശ്മശാനത്തിലെ ജീവനക്കാരനുമായിരുന്നു. സുപ്രിയയാണ് ഭാര്യ. മക്കള്‍: സുമേഷ്, സാന്ദ്ര.


ടാപ്പിങിനിടെ തൊഴിലാളിയെ കാട്ടാന അക്രമിച്ചു: ഗുരുതര പരിക്ക്

മലപ്പുറം: ടാപ്പിങിന് പോകുകയായിരുന്ന തൊഴിലാളിയെ കാട്ടാന ആക്രമിച്ചു. മമ്പാട് പാലക്കടവിലെ ചേര്‍പ്പ്കല്ലില്‍ രാജനെ(50) ആണ് കാട്ടാന ആക്രമിച്ചത്. രാജനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെ പാലക്കടവ് കണക്കന്‍കടവ് പാതയില്‍ ആര്‍.പി.എസിന് സമീപത്താണ് സംഭവം. 

താമസ സ്ഥലത്തുനിന്ന് തോട്ടത്തിലേക്ക് നടന്നുപോകുന്നതിനിടെയാണ് രാജന്‍ കാട്ടാനയ്ക്കു മുന്‍പില്‍ പെട്ടത്. രാജന്‍ തിരിഞ്ഞോടിയെങ്കിലും പിന്നാലെ കൂടിയ കാട്ടാന തുമ്പിക്കൈ കൊണ്ട് പിടിച്ചു. തുടര്‍ന്ന് കാലിനു ചവിട്ടുകയും ചുഴറ്റിയെറിയുകയുമായിരുന്നു. സമീപത്തെ വേലിയില്‍ അവശനായി ചോര വാര്‍ന്നുകിടക്കുകയായിരുന്ന രാജനെ മറ്റു തൊഴിലാളികളെത്തിയാണ് രക്ഷപ്പെടുത്തിയത്. വനപാലകരും സ്ഥലത്തെത്തി. ഇതിനിടെ ആന ജനവാസമേഖലകളില്‍നിന്ന് കാട്ടിലേക്കു മടങ്ങി. ചവിട്ടേറ്റ രാജന്റെ ഇടതുകാല്‍ ഒടിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെ പാലക്കടവിലെ ജനവാസമേഖലയില്‍ കൃഷിനാശം വരുത്തിയാണ് ആന നിലയുറപ്പിച്ചത്. വാഴ നശിപ്പിക്കുന്നതിനിടെ വീട്ടുകാര്‍ വെളിച്ചം തെളിച്ചു. ഇതോടെ ഇത് പാലക്കടവ് -കണക്കന്‍ കടവ് പാതയിലേക്കിറങ്ങി. ഇവിടെ വെച്ചാണ് രാജനു നേരെ ആക്രമണമുണ്ടായത്. ഈ പ്രദേശങ്ങളില്‍ ഏതാനും വര്‍ഷങ്ങളായി കാട്ടാനശല്യം അതി രൂക്ഷമാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. രാജന് അടിയന്തസഹായമായി വനംവകുപ്പ് 50,000 രൂപ അനുവദിച്ചിട്ടുണ്ട്.

മകന്റെ ബൈക്കും മോഷ്ടിച്ച്, മകന്റെ ഭാര്യയുമായി അച്ഛൻ ഒളിച്ചോടി

YouTube video player