തിരുവനന്തപുരം വെള്ളയമ്പലം ആൽത്തറ ജംഗ്ഷനിൽ ബിഎംഡബ്ല്യു കാറും ബൈക്കും ടാക്സി കാറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇടറോഡിൽ നിന്ന് വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച കാർ നിയന്ത്രണം വിട്ട് മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരത്തെ വെള്ളയമ്പലം ആൽത്തറ ജംഗ്ഷനിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു. ശ്രീകാര്യം പാങ്ങപ്പാറ മാങ്കുഴി സ്വദേശികളായ ബിജിത്ത് (43), ഭാര്യ വിദ്യ (43) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ബിജിത്ത് ടെക്നോപാർക്ക് ജീവനക്കാരനാണ്. കഴിഞ്ഞ ദിവസം ഒമ്പതരയോടെയായിരുന്നു സംഭവം.
ബിഎംഡബ്ല്യു കാറും ദമ്പതികൾ സഞ്ചരിച്ചിരുന്ന ബുള്ളറ്റും ടാക്സി എർടിഗയുമായാണ് കൂട്ടിയിടിച്ചത്. ആൽത്തറയ്ക്ക് സമീപം ഇടറോഡിൽ നിന്നും വെള്ളയമ്പലം - വഴുതയ്ക്കാട് പ്രധാന റോഡിലേക്കെത്തിയ ബുള്ളറ്റിൽ മുട്ടാതിരിക്കാനായി വെള്ളയമ്പലം സിഗ്നലിൽ നിന്നെത്തിയ ബിഎംഡബ്ല്യു കാർ വലത് വശത്തേക്ക് വെട്ടിച്ചപ്പോൾ അതേ ബുള്ളറ്റിൽ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് അടുത്ത ട്രാക്കിലൂടെ വന്നിരുന്ന എർട്ടിഗയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബുള്ളറ്റടക്കം റോഡിലേക്ക് തെറിച്ചുവീണ ദമ്പതികൾക്ക് സാരമായ പരിക്കേറ്റു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർ ആൻഡ് റെസ്ക്യൂ സേനാംഗങ്ങളും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. കാർ തകർന്നിട്ടുണ്ടെങ്കിലും യാത്രികർക്ക് കാര്യമായ പരിക്കില്ലെന്നാണ് വിവരം. ബൈക്ക് യാത്രക്കാരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് റോഡിൽ വീണ ഓയിലും അവശിഷ്ടങ്ങളും ഫയർഫോഴ്സ് വെള്ളം ഒഴിച്ച് വൃത്തിയാക്കിയ ശേഷമാണ് ഈ വഴിയിലുള്ള ഗതാഗതം പുനസ്ഥാപിച്ചത്..
