കണ്ടാലറിയാവുന്ന 150 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജിജി ഫിലിപ്പ് ഉൾപ്പെടെയുള്ളവർക്കെതിരെ ആണ് കേസ് എടുത്തത്.

കോട്ടയം: ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ മണ്ണെണ്ണയൊഴിച്ച് ഭീഷണി മുഴക്കിയ കെ റെയിൽ (K Rail) പ്രതിഷേധക്കാർക്കെതിരെ കേസ്. 150 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മണ്ണെണ്ണയൊഴിച്ച് പ്രതിഷേധിക്കുന്നതിനിടെ വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥയുടെ കണ്ണിൽ മണ്ണെണ്ണ വീണതായും കാഴ്ചയ്ക്ക് തകറാറ് പറ്റിയതായും പൊലീസ് പറഞ്ഞു. തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ ദിവ്യ മോളുടെ കണ്ണിലാണ് മണ്ണെണ്ണ വീണത്. ഇതു സംബന്ധിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. കണ്ടാലറിയാവുന്ന 150 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജിജി ഫിലിപ്പ് ഉൾപ്പെടെയുള്ളവർക്കെതിരെ ആണ് കേസ് എടുത്തത്.

മാടപ്പള്ളിയിലും ചോറ്റാനിക്കരയിലും ഇന്ന് കല്ലിടൽ വീണ്ടും തുടങ്ങും. മാത്രവുമല്ല അതിരടയാള കല്ലുകൾ പിഴുതെറിയുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനം. കല്ല് പിഴുതെറിയുന്നവർക്കെതിരെ പൊലീസ് കേസ് എടുക്കും. പിന്നീട് പിഴ അടക്കം ഈടാക്കാനാണ് കെ റെയിൽ അധികൃതരുടെ തീരുമാനം. മാത്രവുമല്ല പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ജനങ്ങള്‍ക്കിടയിലെ സര്‍ക്കാരിനെതിരായ എതിര്‍പ്പ് പരമാവധി മുതലെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമം. നേതാക്കളെ തന്നെ അണിനിരത്തിക്കൊണ്ട് സമരം ശക്തമാക്കാനാണ് കോണ്‍ഗ്രസ് നീക്കം. കെ റെയില്‍ വേണ്ട കേരളം മതി എന്ന മുദ്രാവാക്യമുയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് ഇന്ന് കലക്ട്രേറ്റുകളില്‍ പ്രതിഷേധ സര്‍വേക്കല്ല് സ്ഥാപിക്കും. യൂത്ത് കോണ്‍ഗ്രസ് സമരത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കും. 

'അനുകൂലികൾ വാങ്ങൂ, മൂന്നിരട്ടി ലാഭം നേടൂ', കെ റെയിൽ പാതയിൽ ഉൾപ്പെടുന്ന ഭൂമി വിൽക്കാൻ വച്ച് മടപ്പള്ളി സ്വദേശി

കോട്ടയം: സിൽവർ ലൈൻ പദ്ധതിക്കെതിരെ (Silver Line Project) പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ കെ റെയിൽ (K Rail) പാതയിലുള്ള വീട് വിൽപ്പനയ്ക്ക് വച്ച് ചങ്ങനാശ്ശേരി, മടപ്പള്ളി സ്വദേശി. വീടിനും സ്ഥലത്തിനും 60 ലക്ഷം രൂപ ചെലവായിട്ടുണ്ടെന്നും 50ലക്ഷം രൂപക്ക് വിൽക്കുവാനാണ് ആഗ്രഹിക്കുന്നതെന്നും മനോജ് വർക്കി പറയുന്നു. 

ഇപ്പോൾ ഗവണ്മെന്റ് 3 ഇരട്ടി വില പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലമാണ്. അത്രയും പണം സ്വീകരിക്കാനുള്ള കപ്പാസിറ്റി ഇല്ലാത്തതുകൊണ്ട് സ്വന്തം സ്ഥലം 50ലക്ഷം രൂപക്ക് വിൽക്കുവാൻ ആഗ്രഹിക്കുന്നുവെന്നാണ് മനോജ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. കെ റെയിലിനെ അനുകൂലിക്കുന്നവർ മുന്നോട്ട് വന്ന് ഈ വീടും സ്ഥലവും വാങ്ങണമെന്നാണ് മനോജ് വർക്കി ആവശ്യപ്പെടുന്നത്. 

മൂന്ന് ഇരട്ടി തുക നൽകി കെറെയിലിന് ഭൂമി ഏറ്റെടുക്കുന്നുവെന്ന പ്രചാരണങ്ങൾ തുടരുന്നതിനിടെയാണ് ഭൂമി നഷ്ടമാകുന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ്. നിരവധി പേരാണ് ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. കെ റെയിൽ അനുകൂലികൾ വീട് വാങ്ങി, ഭൂമി ഏറ്റെടുക്കുമ്പോൾ ലഭിക്കുന്ന മൂന്നിരട്ടി തുക സ്വന്തമാക്കാനും മനോജ് വർക്കി പറയുന്നു. 

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ഞാൻ ചങ്ങാനശ്ശേരി മടപ്പള്ളി പഞ്ചായത്തിൽ താമസിക്കുന്ന ഒരു വ്യക്തി ആണ്. K-rail പാതയിലുള്ള എന്റെ വീടും സ്ഥലവും ഞാൻ വിൽക്കാൻ ആഗ്രഹിക്കുന്നു. എനിക്കു ഈ വീടിനും സ്ഥലത്തിനും 60 ലക്ഷം രൂപ ചെലവായിട്ടുണ്ട്. ഇപ്പോൾ ഗവണ്മെന്റ് 3 ഇരട്ടി വില പ്രേഖ്യാപിച്ചിരിക്കുന്ന സ്ഥലമാണ്. അത്രയും പണം സ്വീകരിക്കാനുള്ള capacity ഇല്ലാത്തത്കൊണ്ട് ഞാൻഎന്റെ സ്ഥലം 50ലക്ഷം രൂപക്ക് വിൽക്കുവാൻ ആഗ്രഹിക്കുന്നു. K-rail നെ അനുകൂലിക്കുന്ന ഏതെങ്കിലും മഹത്വക്തികൾക്ക് ഈ വീട് വാങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ ഇത് വാങ്ങിയതിന് ശേഷം 3 ഇരട്ടി ലാഭത്തിന് അവകാശികളാകാം. വേണ്ടവർ ബന്ധപ്പെടുക വേണ്ടാത്തവർ ആവശ്യമുള്ളവരിലേക്ക് share ചെയ്യുക.