ലോകകപ്പ് ഫൈനൽ ബിഗ് സ്ക്രീൻ പ്രദർശനത്തിനിടയുണ്ടായ അനിഷ്ട സംഭവങ്ങളിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, അന്യായമായി സംഘം ചേരൽ, പരസ്യമായി അസഭ്യം പറയൽ തുടങ്ങി വിവിധ വകുപ്പുകളാണ് സിപിഎം തൊടുപുഴ ഈസ്റ്റ് ഏരിയ സെക്രട്ടറി ഉൾപ്പെടെയുള്ള ആളുകൾക്കെതിരെ ചുമത്തിയത്.

ഇടുക്കി: ഇടുക്കി തൊടുപുഴയിൽമദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയെന്ന ആരോപിച്ച് പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച സംഭവത്തിൽ സിപിഎം ഏരിയ സെക്രട്ടറി ഉൾപ്പെടെ കണ്ടാലറിയാവുന്ന 200 പേർക്കെതിരെ പൊലീസ് കേസെടുത്തു. ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ രക്ത പരിശോധന ഫലം കിട്ടിയതിനുശേഷം ആയിരിക്കും ഇവർക്കെതിരെയുള്ള നടപടി. പൊലീസ് ബോധപൂർവ്വം കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നാണ് സിപിഎം ഡിവൈഎഫ്ഐ നേതാക്കളുടെ ആരോപണം.

തൊടുപുഴ മങ്ങാട്ടുകവലയിൽ ലോകകപ്പ് ഫൈനൽ ബിഗ് സ്ക്രീൻ പ്രദർശനത്തിനിടയുണ്ടായ അനിഷ്ട സംഭവങ്ങളിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, അന്യായമായി സംഘം ചേരൽ, പരസ്യമായി അസഭ്യം പറയൽ തുടങ്ങി വിവിധ വകുപ്പുകളാണ് സിപിഎം തൊടുപുഴ ഈസ്റ്റ് ഏരിയ സെക്രട്ടറി ഉൾപ്പെടെയുള്ള ആളുകൾക്കെതിരെ ചുമത്തിയത്. സംഭവസ്ഥലത്തേക്ക് ഡ്യൂട്ടിക്ക് എത്തിയ എസ് ഐ റോയ്, മദ്യപിച്ച് എന്ന ആരോപിച്ച് ഇവർ തടഞ്ഞു വച്ചിരുന്നു. എസ് ഐ എത്തിയ വാഹനം ഉൾപ്പെടെ പൊലീസ് പരിശോധിയ്ക്കുന്ന ദൃശ്യങ്ങൾ മൊബൈൽ പകർത്തി പ്രചരിപ്പിച്ചതിന് ഉൾപ്പെടെ ആണ് കേസ്. എന്നാൽ, കുറ്റം ചെയ്തവർക്കെതിരെ ഒരു ദിവസം കഴിഞ്ഞിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്നും, പരാതിപ്പെട്ടവരെപ്രതികളാക്കുകയും ചെയ്യുന്നു എന്നുമാണ് സിപിഎം ആരോപണം. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സിപിഎം അറിയിച്ചു.

ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രാഥമിക രക്ത പരിശോധന ഫലത്തിൽ വ്യക്തതയില്ലാത്തതിനാലാണ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. പൊലീസ് ജീപ്പിൽ മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ ഉൾപ്പെടെ കൂടുതൽ വ്യക്തതയും അന്വേഷണവും വേണമെന്നാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. തൊടുപുഴ ഡിവൈഎസ്പി ഉൾപ്പെടെ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ.