ചേർത്തല: ക്വാറന്റീൻ ലംഘിച്ചതിനെ തുടർന്ന് കഞ്ഞിക്കുഴിയിൽ തമിഴ്‌നാട് സ്വദേശിക്കെതിരെ കേസെടുത്തു. കഞ്ഞിക്കുഴി ജംഗ്ഷന് സമീപം തയ്യൽ ജോലി ചെയ്തിരുന്ന നീലഗിരി ഗൂഡല്ലൂർ സ്വദേശിക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ മാർച്ച് 13ന് ഇയാള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍, ലോക്ക്ഡൗണിന് ശേഷം പാസില്ലാതെ തമിഴ്‌നാട്ടിൽ നിന്ന് ചരക്കുലോറിയിൽ കൊച്ചിയിലെത്തി. തുടർന്ന് തോപ്പുംപടി വഴി കെഎസ്ആർടിസി ബസിൽ ചേർത്തലയിൽ എത്തി. 

വീണ്ടും കെഎസ്ആർടിസിയിൽ കഞ്ഞിക്കുഴിയിൽ എത്തി. അവിടെ നിന്ന് ഒൻപതാം വാർഡിൽ വാടകക്ക് എടുത്തിരുന്ന താമസസ്ഥലത്തേക്ക് വരുന്ന വഴി കടയിൽ കയറി സാധനങ്ങൾ വാങ്ങുകയും, മുറിയിൽ എത്തിയ ശേഷം വീണ്ടും പുറത്തിറങ്ങി നടക്കുകയും ചെയ്തു. പരിസരവാസികളാണ് പഞ്ചായത്ത് അധികൃതരെ അറിയിച്ചത്. ഇയാൾക്ക് പുറമേ ഇയാളെ താമസിപ്പിച്ചിരുന്ന കെട്ടിട ഉടമസ്ഥന്റെ പേരിലും പൊലീസ് കേസെടുത്തു.