കോഴിക്കോട് താമരശേരിയിൽ കെപിസിസി അംഗവും മുൻ പഞ്ചായത്ത് പ്രസിഡണ്ടുമായ എ.അരവിന്ദനെതിരെ യുവതിയുടെ പരാതിയിൽ മാനഭംഗ ശ്രമത്തിന് പോലീസ് കേസെടുത്തു. ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.

കോഴിക്കോട്: കോഴിക്കോട് താമരശേരിയില്‍ യുവതിയുടെ പരാതിയില്‍ കെപിസിസി അംഗത്തിനെതിരെ കേസ്.മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് എ.അരവിന്ദനെതിരെയാണ് മാനഭംഗ ശ്രമത്തിന് താമരശേരി പൊലീസ് കേസെടുത്തത്.പരാതിയില്‍ കഴമ്പില്ലെന്ന് അരവിന്ദന്‍ പ്രതികരിച്ചു. യുവതിയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി മാനഭംഗത്തിന് ശ്രമിച്ചെന്നാണ് അരവിന്ദന് നേരെയുള്ള പരാതി. യുവതിയുടെ പരാതിയില്‍ താമരശേരി പൊലീസ് അരവിന്ദനെതിരെ കേസെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്ത്രീത്വത്തെ അപമാനിച്ചതിനും ബലപ്രയോഗം നടത്തിയതിനുമാണ് കേസ്. അരവിന്ദന്‍ പഞ്ചായത്ത് പ്രസി‍ഡന്റായ കാലയളവില്‍ യുവതിക്ക് ഒരു സ്ഥാപനത്തിന് അനുമതി നല്‍കിയിരുന്നു. ഇതിന്‍റെ കാലാവധി അടുത്തമാസം 14 ന് അവസാനിക്കും. അത് പുതുക്കിക്കിട്ടാന്‍ യുവതി അരവിന്ദനെ ഫോണില്‍ വിളിച്ചിരുന്നു. ഇക്കാര്യം സംസാരിക്കാനെന്ന് പറഞ്ഞ് അരവിന്ദന്‍ തന്നെ വീട്ടിലേക്ക് വിളിച്ചു. വീട്ടിലെത്തിയപ്പോള്‍ മാനഭംഗത്തിന് ശ്രമിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.

ആരോപണം അരവിന്ദന്‍ നിഷേധിച്ചു. ഇക്കാര്യത്തില്‍ തനിക്ക് തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും പുതിയ ഭരണ സമിതിയെ സമീപിക്കണമെന്നും യുവതിയെ ധരിപ്പിക്കുക മാത്രമാണ് ചെയ്തതെന്നാണ് അരവിന്ദന്‍റെ വിശദീകരണം. താമരശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് പുറമെ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവൃത്തിച്ച സീനിയര്‍ കോണ്‍ഗ്രസ്സ് നേതാവാണ് എ.അരവിന്ദന്‍.