വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറിയിട്ടില്ലാത്തതിനാൽ നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത രേഖകളിലുള്ള ഉടമയ്ക്കാണെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കി.
മൂവാറ്റുപുഴ: 17കാരൻ ഓടിച്ച ബൈക്കിടിച്ച് മരിച്ച വയോധികയുടെ കുടുംബത്തിന് 14.02 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച് മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ. 2024 ജൂലൈ 12-ന് അപകടത്തിൽ മരിച്ച മൂവാറ്റുപുഴ രണ്ടാർ മാടവനപ്പുത്തൻപുരയിൽ സുമതി (72) യുടെ കുടുംബത്തിനാണ് നഷ്ടപരിഹാരം ലഭിക്കുക.
ചാലിക്കടവ് റോഡിലൂടെ നടന്നു പോകുന്നതിനിടെയാണ് വെള്ളൂർക്കുന്നം സ്വദേശിയുടെ മകനായ 17-കാരൻ ഓടിച്ച ബൈക്കിടിച്ച് സുമതിക്ക് പരിക്കേറ്റത്. തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. കോതമംഗലം പോത്താനിക്കാട് കൂവള്ളൂർ കല്ലുംപുറത്ത് വീട്ടിൽ അലിയാരുടെ പേരിലായിരുന്നു ബൈക്ക്. വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറിയിട്ടില്ലാത്തതിനാൽ നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത രേഖകളിലുള്ള ഉടമയ്ക്കാണെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കി. അപകട സമയത്ത് ബൈക്ക് ഓടിച്ചിരുന്ന കുട്ടിയെ എറണാകുളം ജുവനൈൽ ജസ്റ്റിസ് ബോർഡ് കുറ്റവിമുക്തനാക്കിയിരുന്നു.
11,02,000 രൂപയും എട്ട് ശതമാനം പലിശയും കോടതിച്ചെലവും ഉൾപ്പെടെ 14.02 ലക്ഷം രൂപ ഇൻഷുറൻസ് കമ്പനി കുടുംബത്തിന് നൽകണമെന്നാണ് ഉത്തരവ്. പിന്നീട് ഈ തുക വാഹന ഉടമയിൽനിന്ന് ഈടാക്കാമെന്നും ട്രൈബ്യൂണൽ ജഡ്ജി കെഎൻ ഹരികുമാർ വ്യക്തമാക്കി. കുടുംബത്തിനുവേണ്ടി അഡ്വ. എൻപി തങ്കച്ചൻ ഹാജരായി.




