പിതാവ് കൊടുക്കാനുള്ള പണം ചോദിച്ചെത്തി, തർക്കം, 16-കാരിയെ നെഞ്ചിലും കാലിലും കുത്തിക്കൊന്നു, കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി 

മഞ്ചേരി: 16 -കാരിയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ യുവാവ് കുറ്റക്കാരനെന്ന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ ജഡ്ജി എസ് നസീറ നാളെ വിധിക്കും. പശ്ചിമ ബംഗാള്‍ ബര്‍ദ്ധമാന്‍ ഖല്‍ന ഗുഗുഡന്‍ഗ സാദത്ത് ഹുസൈന്‍ (29) ആണ് പ്രതി. കൊല്ലപ്പെട്ട സമീന ഖാത്തൂന്‍(16)യുടെ പിതാവിന്റെ കീഴില്‍ ജോലി ചെയ്തു വരികയായിരുന്നു പ്രതി.

ജോലി ചെയ്ത വകയില്‍ പ്രതിക്ക് ലഭിക്കാനുള്ള 12000 രൂപ സംബന്ധിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 2018 സെപ്തംബര്‍ 28ന് തിരൂര്‍ തൃക്കണ്ടിയൂര്‍ വിഷുപ്പാടത്ത് പെണ്‍കുട്ടി കുടുംബസമേതം വാടകക്ക് താമസിക്കുന്ന വീട്ടിലാണ് കൊലപാതകം നടന്നത്. ജോലി സ്ഥലത്തു നിന്നും രാവിലെ ഒമ്പത് മണിയോടെ പെണ്‍കുട്ടി താമസിക്കുന്ന വീട്ടിലെത്തിയ പ്രതി കിട്ടാനുള്ള പണം സംബന്ധിച്ച് ഏറെ നേരം സംസാരിച്ചു. 

തുടര്‍ന്ന് വാക്കുതർക്കം മൂത്ത് കയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് പെണ്‍കുട്ടിയെ പലതവണ കുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ നെഞ്ചിലും വയറ്റിലും കാലിലുമായി എട്ട് കുത്തുകള്‍ ഏറ്റിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 2018 സെപ്തംബര്‍ 28ന് തിരൂര്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. തിരൂര്‍ പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന ടി പി ഫര്‍ഷാദാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

Read more: ഇൻസ്റ്റയിൽ ഫ്രണ്ട് റിക്വസ്റ്റ്, പിന്നാലെ സെക്സ് ചാറ്റ് തുടങ്ങി, കൊച്ചിയിലെ യുവാവിനെ കാത്തിരുന്നത് വമ്പൻ പണി

ഇന്ത്യന്‍ ശിക്ഷാ നിയമം 341 വകുപ്പ് പ്രകാരം തടഞ്ഞുവെക്കല്‍, 324 പ്രകാരം ആയുധം കൊണ്ട് അക്രമിക്കല്‍, 326 പ്രകാരം ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍, 302 പ്രകാരം കൊലപാതകം, 201 പ്രകാരം തെളിവു നശിപ്പിക്കല്‍ എന്നീ വകുപ്പുകളിലാണ് കേസ് ചാര്‍ജ്ജ് ചെയ്തിട്ടുള്ളത്. എല്ലാ വകുപ്പുകളിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ വീടിന്റെ കോണിക്കൂടിനു താഴെ ടയര്‍ കൊട്ടകള്‍ക്കിടയില്‍ ഒളിപ്പിച്ച് തെളിവ് നശിപ്പിച്ചിരുന്നു.

YouTube video player