Asianet News MalayalamAsianet News Malayalam

വിഴിഞ്ഞം സമരത്തിനിടെ ഗര്‍ഭിണിയെ അക്രമിക്കാന്‍ ശ്രമിച്ചു; ഗുരുതര വകുപ്പുകള്‍ ചുമത്തി കേസ്

മുല്ലൂർ സ്വദേശിനി ഗോപികയുടെ പരാതിയിലാണ് കണ്ടാൽ അറിയാവുന്ന 50 പേർക്ക് എതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തിരിക്കുന്നത്. 

case was charged on Vizhinjam attempted to assault a pregnant woman during the strike
Author
First Published Nov 30, 2022, 8:29 AM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരക്കാർക്ക് എതിരെ ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ് വീണ്ടും കേസെടുത്തു. തുറമുഖ കവാടമായ മുല്ലൂരില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന സംഘർഷത്തിനിടെ പ്രദേശവാസിയും ഗർഭിണിയുമായ യുവതിയെ അസഭ്യം വിളിച്ച്, കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും, കല്ലെറിയുകയും ചെയ്ത സംഭവത്തിലാണ് സമരക്കാർക്ക് എതിരെ പൊലീസ് ഗുരുതര വകുപ്പുകള്‍ ചുമത്തി കേസ് എടുത്തിരിക്കുന്നത്. 

മുല്ലൂർ സ്വദേശിനി ഗോപികയുടെ പരാതിയിലാണ് കണ്ടാൽ അറിയാവുന്ന 50 പേർക്ക് എതിരെ വിഴിഞ്ഞം പൊലീസ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച മുല്ലൂരിലെ തുറമുഖ കവാടത്തിൽ വച്ച് വിഴിഞ്ഞം സമരത്തിനെതിരെ സംഘടിച്ച ജനകീയ സമിതി പ്രവർത്തകരെ സമരക്കാര്‍ ഓടിക്കുകയും കല്ലെറിയുകയും ചെയ്യുന്ന ദൃശ്യങ്ങൾ വീടിനുള്ളിൽ നിന്ന് ഗോപിക മോബൈലിൽ പകർത്തിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട വഴിഞ്ഞം പദ്ധതിക്കെതിരെ സമരം ചെയ്യുന്നവരില്‍ ചിലർ, ഗോപികയുടെ വീടിന്‍റെ ഗേറ്റ് തള്ളിത്തുറന്ന് അകത്ത് കയറി ജനൽ ചില്ലുകൾ തകർക്കുകയും അക്രമം ചിത്രീകരിക്കാൻ ശ്രമിച്ച ഗോപികയെ ആക്രമിക്കാനും ശ്രമിച്ചു. 

എന്നാല്‍, ഗോപിക താന്‍ ഗർഭിണി ആണെന്നും ഉപദ്രവിക്കരുതെന്നും ഈ സമയം ഗോപിക നിലവിളിച്ചു. ഇത് കേട്ട സമരക്കാര്‍ തന്നെയും ഗര്‍ഭസ്ഥ ശിശുവിനെയും അസഭ്യം വിളിക്കുകയും കല്ലെറിയും ചെയ്തെന്നും ഒഴിഞ്ഞ് മാറിയത് കൊണ്ട് മാത്രമാണ് തനിക്ക് കല്ലേറില്‍ പരിക്ക് ഏല്‍ക്കാതിരുന്നതെന്നും ഗോപിക പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഗോപികയുടെ പരാതിയെ തുടര്‍ന്ന് സംഭവത്തിൽ വധശ്രമം, കലാപം ഉണ്ടാക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, അസഭ്യം വിളിക്കൽ, വീടിനുള്ളിൽ അതിക്രമിച്ചു കടക്കൽ, മുതലുകൾ നശിപ്പിക്കൽ ഉൾപ്പടെ നിരവധി വകുപ്പുകൾ ചുമത്തിയാണ് വിഴിഞ്ഞം പൊലീസ് സമരക്കാര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഗോപിക പകർത്തിയ ദൃശ്യങ്ങളിൽ നിന്ന് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞു.
 

കൂടുതല്‍ വായനയ്ക്ക്:  വിഴിഞ്ഞം സംഘർഷം; പൊലീസ് നടപടി ദൗർഭാഗ്യകരമെന്ന് കെസിബിസി

കൂടുതല്‍ വായനയ്ക്ക്:  വിഴിഞ്ഞത്ത് വന്‍ സംഘര്‍ഷാവസ്ഥ, അക്രമം; 30 ലേറെ പൊലീസുകാർക്ക് പരിക്ക്, കളക്ടർ സ്ഥലത്തേക്ക്, വൈദികരുമായി ചർച്ച

കൂടുതല്‍ വായനയ്ക്ക്:   വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ അടിച്ച് തകർത്ത് സമരക്കാർ; ക്രമസമാധാനം ഉറപ്പാക്കാൻ നടപടി, തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം

 

Follow Us:
Download App:
  • android
  • ios