ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽനിന്ന് മോഷ്ടിച്ച ബൈക്കുമായി കറങ്ങിയ കുപ്രസിദ്ധ ക്രിമിനൽ ചേർത്തലയിൽ പൊലീസിന്റെ പിടിയിലായി. നിരവധി കേസുകളിൽ പ്രതിയായ തോപ്പുവെളി വീട്ടിൽ നെബു ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ചേർത്തല: ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽനിന്ന് മോഷ്ടിച്ച ബൈക്കുമായി കറങ്ങിനടന്ന നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ചേർത്തല പൊലീസിന്റെ പിടിയിലായി. ചേർത്തല സിഎംസി 14-ൽ തോപ്പുവെളി വീട്ടിൽ നെബു (43) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ ചേർത്തല കെഎസ്ഇബി ഓഫീസിനു സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. ഹരിപ്പാട് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് മോഷ്ടിച്ച ബൈക്കുമായി പ്രതി ചേർത്തല ഭാഗത്ത് കറങ്ങിനടക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്.
ആലപ്പുഴ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മുൻപും നിരവധി ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള കാപ്പ നിയമപ്രകാരമുള്ള നടപടികളും ഇയാൾ മുൻപ് നേരിട്ടിട്ടുണ്ട്. ചേർത്തല പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്ഐമാരായ ബജിത്ത് ലാൽ, മധുസൂദനൻ, സിപിഒമാരായ അരുൺകുമാർ എൻ ഡി, ഷിനു, സുജിത്ത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
















