പ്രദേശത്തെ പല വീടുകളിലും പരിസരങ്ങളിലും ഏറെ നേരം കറങ്ങിയ മോഷ്ടാക്കള്‍ ഇതിനിടെ അപ്രതീക്ഷിതമായി പൊലീസ് വാഹനം അതുവഴി കടന്നുപോകുമ്പോള്‍ പേടിച്ച് അടുത്തുള്ള വീട്ടില്‍ പാര്‍ക്കിംഗിലുണ്ടായിരുന്ന കാറുകള്‍ക്ക് പിന്നില്‍ ഒളിക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. മുഖം മറച്ച നിലയില്‍ രണ്ട് പേരാണ് എത്തിയിരുന്നത് 

എറണാകുളം: കടവന്ത്രയില്‍ റെസിഡന്‍സ് ഏരിയകളില്‍ സൈ്വര്യവിഹാരം നടത്തുന്ന മോഷ്ടാക്കളുടെ സിസിടിവി ദൃശ്യം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. നോര്‍ത്ത് ഗിരിനഗര്‍, എച്ച്‌ഐഡി റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ ഞായറാഴ്ച രാത്രിയാണ് മുഖം മറച്ച നിലയില്‍ മോഷ്ടാക്കളെത്തിയത്. 

പ്രദേശത്തെ പല വീടുകളിലും പരിസരങ്ങളിലും ഏറെ നേരം കറങ്ങിയ മോഷ്ടാക്കള്‍ ഇതിനിടെ അപ്രതീക്ഷിതമായി പൊലീസ് വാഹനം അതുവഴി കടന്നുപോകുമ്പോള്‍ പേടിച്ച് അടുത്തുള്ള വീട്ടില്‍ പാര്‍ക്കിംഗിലുണ്ടായിരുന്ന കാറുകള്‍ക്ക് പിന്നില്‍ ഒളിക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. 

മുഖം മറച്ച നിലയില്‍ രണ്ട് പേരാണ് എത്തിയിരുന്നത്. ഇവര്‍ റോഡിലൂടെ സധൈര്യം നടന്നുപോകുന്നതും, ഓരോ വീടുകള്‍ക്ക് മുന്നിലും നിന്ന് ചുറ്റുപാടുകള്‍ നിരീക്ഷിക്കുന്നതുമെല്ലാം സിസിടിവി ക്ലിപ്പുകളില്‍ വ്യക്തമാണ്. മോഷണശ്രമം നടത്തുന്നതിനിടെ ഇവരുടെ പക്കലുണ്ടായിരുന്ന ഇരുമ്പുകൊണ്ടുള്ള ആയുധം താഴെ വീഴുകയും ഇതിന്റെ ശബ്ദം കേട്ട് ഒരു വീട്ടുകാര്‍ ഉണരുകയും ചെയ്തതോടെയാണ് സംഭവം ഏവരും അറിഞ്ഞത്. 

വീട്ടുകാര്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയും പൊലീസ് സംഭവസ്ഥലത്തെത്തുകയും ചെയ്തു. തിങ്കളാഴ്ചയോടെ മറ്റ് വീട്ടുകാരെല്ലാം തങ്ങളുടെ സിസിടിവി കൂടി പരിശോധിച്ചതോടെയാണ് മോഷ്ടാക്കളുടെ കൂടുതല്‍ ദൃശ്യങ്ങള്‍ ലഭിച്ചത്. 

നഗരപരിധിക്കകത്ത് ഉള്‍പ്പെടുന്നതും, എപ്പോഴും പൊലീസ് നിരീക്ഷണം ഉള്ളതുമായ മേഖലയില്‍ മോഷ്ടാക്കള്‍ ആത്മവിശ്വാസത്തോടെ ആയുധങ്ങളുമായി എത്തിയത് പ്രദേശവാസികളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അതേസമയം വീട്ടുകാരുടെ പരാതിയിന്മേല്‍ മോഷ്ടാക്കള്‍ക്കായുള്ള അന്വേഷണത്തിലാണ് പൊലീസ്.

YouTube video player

Also Read:- മോഷ്ടാവിന് മനംമാറ്റം: മോഷ്ടിച്ച സ്‌കൂട്ടര്‍ തിരികെ നല്‍കി, ഒപ്പം പുത്തന്‍ ഹെല്‍മറ്റും