തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കൊല്ലത്തെ ചർച്ചകളിൽ പ്രധാനം കുടുംബമായി മത്സരിച്ച വോട്ടർമാരെപ്പറ്റിയാണ്. പോരുവഴിയിൽ പൊരുതി ജയിച്ച് ദമ്പതികൾ. നെടുമ്പനയിൽ അമ്മയും മകനും ജയിച്ചു. പുനലൂരിൽ ദമ്പതികൾക്ക് പരാജയം. പത്തനാപുരത്ത് ചേട്ടനെ തോൽപ്പിച്ച് അനുജൻ.
കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിൽ മലനട ഡിവിഷനിലെ വിജയം ബിജെപിക്ക് ചരിത്ര നേട്ടമായിരിക്കുകയാണ്. പോരുവഴിയിൽ മത്സരിച്ച ഭാര്യയും ഭർത്താവും വിജയം കൈവരിച്ചു. ശാസ്താംകോട്ട മലനട ഡിവിഷനിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായ നിഖിൽ മനോഹർ വിജയിച്ചപ്പോൾ, പോരുവഴി ഗ്രാമപഞ്ചായത്ത് 8ാം വാർഡിലാണ് ഭാര്യ രേഷ്മ നിഖിൽ വിജയം സ്വന്തമാക്കിയത്. നിഖിൽ 62 വോട്ടുകൾക്ക് വിജയിച്ച വാർഡിൽ രേഷ്മ ഇത്തവണ ജയിച്ചു കയറിയത് 367 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്.
പോരുവഴി കടന്ന് നെടുമ്പനയിലെത്തിയാൽ ഒരു വീട്ടിൽ നിന്ന് അമ്മയും മകനും ജയിച്ചുകയറിയ അപൂർവ്വതയ്ക്കാണ് നാട് സാക്ഷിയായത്. ആ നേട്ടത്തിന്റെ ക്രെഡിറ്റ് യു ഡി എഫ് ക്യാമ്പിനാണ്. ഡി സി സി ജനറൽ സെക്രട്ടറി കൂടിയായ ഫൈസൽ കുളപ്പാടം ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ഇത്തവണ മത്സരിച്ചത് ജില്ലാ പഞ്ചായത്തിലേക്കാണ്. ഫൈസലിന്റെ സ്ഥാനാർത്ഥിത്വം ഉറപ്പിനു മുമ്പ് മാതാവ്
ബീന നാസിമുദ്ദീന്‍ ലബ്ബയെ നെടുമ്പന ഗ്രാമപഞ്ചായത്ത് 19ാം വാര്‍ഡിൽ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചു. മുൻ മെമ്പറായ ബീന നാസിമുദീന് പിന്നാലെ മകന്‍ ഫൈസല്‍ കുളപ്പാടവും സ്ഥാനാര്‍ഥിയായി. കൈപ്പത്തിയുമായി കൈ നീട്ടിയപ്പോൾ അമ്മയേയും മകന്നെയും നാട ചേർത്തുപിടിച്ചു. ഫലം വന്നപ്പോൾ ഇരട്ടിമധുരം. ഇരുവർക്കും ലഭിച്ചു മിന്നുന്ന വിജയം.
അതേസമയം, പുനലൂർ നഗരസഭയിൽ അടുത്തടുത്ത വാർഡുകളിൽ മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥികളായ ഭാര്യയും ഭർത്താവും തോറ്റു. പ്ലാച്ചേരി വാർഡിൽ എൻ. സുന്ദരേശനും താമരപ്പള്ളിയിൽ യമുനാ സുന്ദരേശനുമാണ് മത്സരിച്ചു തോറ്റത്. ഇരുവരും മുൻ കൗൺസിലർമാരാണ്. പത്തനാപുരത്ത് കല്ലും കടവിൽ സഹോദരന്മാർ തമ്മിലുള്ള പോരാട്ടം എതിർചേരികളിലായിരുന്നു. യുഡിഎഫിലെ അഡ്വ. ഡെന്നി വർഗ്ഗീസിനെ തോൽപ്പിച്ചത് ഇടത് പക്ഷത്തിനായി കളത്തിലിറങ്ങിയ ഡെൻസൻ വർഗ്ഗീസാണ്.


