ആലപ്പുഴ ഗവൺമെന്‍റ് ദന്തൽ കോളജ് ആശുപത്രിയിൽ അടുത്തിടെ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന്റെ സീലിങ് അടർന്നു വീണ് രോഗിക്ക് പരിക്കേറ്റു. എക്സ്റേ വിഭാഗത്തിൽ കാത്തുനിൽക്കുകയായിരുന്ന യുവതിയുടെ തലയിലാണ് ജിപ്സം ബോർഡ് വീണത്.
അമ്പലപ്പുഴ: ആലപ്പുഴ ഗവൺമെന്‍റ് ദന്തൽ കോളജ് ആശുപത്രിയിലെ സീലിങ് അടർന്നു വീണ് രോഗിക്ക് പരിക്കേറ്റു. ആറാട്ടുപുഴ വലിയഴീക്കൽ തറയിൽ കടവ് സ്വദേശിനി ഹരിതയ്ക്കാണ് (29) പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന ഏഴ് വയസുകാരി അതിഥി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അടുത്തിടെ ഉദ്ഘാടനം കഴിഞ്ഞ ദന്തൽ കോളജിലെ പല്ലിന്‍റെ എക്സ്റേ വിഭാഗത്തിൽ തിങ്കളാഴ്ച പകൽ 12 ഓടെയായിരുന്നു അപകടം.
ഇരുവരും എക്സ്റേ എടുക്കാൻ കാത്തുനിൽക്കുമ്പോൾ ജിപ്സം ബോർഡ് കൊണ്ട് നിർമിച്ച സീലിങ്ങിന്റെ ഒരു ഭാഗം അടർന്നു വീഴുകയായിരുന്നു. രണ്ട് അടി നീളവും വീതിയുമുള്ള ജിപ്സം ബോർഡ് എട്ടടിയോളം ഉയരത്തിൽ നിന്ന് പൊളിഞ്ഞ് ഹരിതയുടെ തലയിൽ പതിച്ചു. ഉടൻതന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ ചേർന്ന് ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ഹരിതയുടെ തലയ്ക്ക് ക്ഷതം ഏറ്റിട്ടുണ്ട്.
2019-ൽ നിർമാണം പൂർത്തിയാക്കിയ താഴത്തെ നിലയിലാണ് എക്സ്റേ വിഭാഗം പ്രവർത്തിക്കുന്നത്. ഇന്ത്യൻ ദന്തൽ കൗൺസിലിന്റെ പരിശോധനയിൽ കോളജിന് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നേരത്തെ അനുമതി ലഭിച്ചിരുന്നില്ല. പിന്നീട് കെട്ടിടം ഉപയോഗിക്കാതെ കാടുകയറിക്കിടക്കുകയായിരുന്നു. കൗൺസിലിന്റെ അന്ത്യശാസനം ലഭിച്ചതോടെയാണ് മുകളിലേക്ക് വീണ്ടും നിലകൾ പണിത് കെട്ടിടത്തിന്റെ നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കിയത്. അടുത്തിടെയാണ് കോളജിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് താഴത്തെ നിലയിലെ സീലിങ്ങുകളും മറ്റും അറ്റകുറ്റപ്പണി നടത്തിയിരുന്നു.
