ടോൾ പിരിവ് ചട്ടങ്ങൾ കർശനമാക്കി കേന്ദ്ര സർക്കാർ മോട്ടോർ വാഹന ചട്ടത്തിൽ ഭേദഗതി വരുത്തി. ടോൾ കുടിശ്ശികയുള്ള വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, എൻഒസി തുടങ്ങിയ ആർടിഒ സേവനങ്ങൾ ഇനി മുതൽ ലഭിക്കില്ല. ഫാസ്‌ടാഗ് വഴിയുള്ള ടോൾ പിരിവ് കാര്യക്ഷമമാക്കും
ദില്ലി: ടോൾ പിരിവ് ചട്ടങ്ങൾ കർശനമാക്കി മോട്ടോർ വാഹന ചട്ടത്തിൽ കേന്ദ്രസർക്കാർ ഭേദഗതി വരുത്തി. ടോൾ കുടിശ്ശികയുള്ള വാഹനങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുള്ള ഭേദഗതിയാണ് കൊണ്ടുവന്നിരിക്കുന്നത്. ടോൾ കുടിശ്ശിക തീർപ്പാക്കാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ കൈമാറ്റം (എൻ ഒ സി), നാഷണൽ പെർമിറ്റ് തുടങ്ങിയ പ്രധാന സർക്കാർ സേവനങ്ങൾ നൽകില്ലെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ പുതിയ ഭേദഗതി. ഇതിനായി കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിൽ മാറ്റം വരുത്തിക്കൊണ്ട് 'സെൻട്രൽ മോട്ടോർ വെഹിക്കിൾസ് (സെക്കൻഡ് അമെൻഡ്‌മെന്റ്) റൂൾസ് 2026' വിജ്ഞാപനം ചെയ്തു.
ഫാസ്‌ടാഗ് വഴിയുള്ള ടോൾ പിരിവ് കാര്യക്ഷമമാക്കും
ഫാസ്‌ടാഗ് വഴിയുള്ള ടോൾ പിരിവ് കൂടുതൽ കാര്യക്ഷമമാക്കുന്നതിനും കുടിശ്ശിക വരുത്തി ടോൾ പ്ലാസകൾ വെട്ടിച്ച് കടന്നുകളയുന്ന പ്രവണത തടയുന്നതിനുമാണ് ഈ നടപടി. വാഹന കൈമാറ്റത്തിനായി അപേക്ഷിക്കുന്നവർ കുടിശ്ശികയില്ലെന്ന് കാണിക്കുന്ന സത്യവാങ്മൂലം സമർപ്പിക്കേണ്ടി വരും. ഇതോടെ ടോൾ കുടിശ്ശികയുള്ള വാഹനങ്ങൾക്ക് ഇനിമുതൽ ആർ ടി ഒ സേവനങ്ങൾ തടസ്സപ്പെടും.


