Asianet News MalayalamAsianet News Malayalam

'ഇത്തരമൊന്ന് അപൂര്‍വവും ശ്രമകരവും'; തൃശൂര്‍ മൃഗശാലയിലെ മൃഗങ്ങളെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റാന്‍ അനുമതി

രണ്ടിലേറെ പതിറ്റാണ്ടു നീണ്ട ഒരു സ്വപ്നമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നതെന്ന് മന്ത്രി എകെ ശശീന്ദ്രന്‍.

Central permits animal transfer from Thrissur Zoo to Puthur Zoological Park joy
Author
First Published Sep 8, 2023, 12:05 AM IST

തൃശൂര്‍: തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് നിലവില്‍ മൃഗശാലയിലുള്ള മൃഗങ്ങളെ മാറ്റുന്നതിന് കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതി ലഭ്യമായതായി വനം, റവന്യു വകുപ്പുമന്ത്രിമാര്‍ അറിയിച്ചു. തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് പദ്ധതിയുടെ പുരോഗതിയിലെ സുപ്രധാന നാഴികക്കല്ലാണ് ഈ അനുമതിയെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. 

രണ്ടിലേറെ പതിറ്റാണ്ടു നീണ്ട ഒരു സ്വപ്നമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നതെന്നും ശശീന്ദ്രന്‍ പറഞ്ഞു. കിഫ്ബി ധനസഹായത്തോടെ 360 കോടി രൂപ ചെലവില്‍ 2019ല്‍ പണിയാരംഭിച്ച പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിന്റെ പ്രധാന പണികളെല്ലാം പൂര്‍ത്തീകരിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വനം, റവന്യു, മൃഗശാല വകുപ്പുമന്ത്രിമാര്‍ പങ്കെടുത്ത ഉന്നതതല യോഗം കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതി തേടാന്‍ നിര്‍ദ്ദേശം നല്‍കിയത്. മ്യൂസിയം - മൃഗശാല വകുപ്പ് ഡയറക്ടര്‍, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ എന്നിവര്‍ സമര്‍പ്പിച്ച സംയുക്ത അപേക്ഷയിലാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 

ആകെ 48 ഇനങ്ങളിലായി 117 പക്ഷികള്‍, 279 സസ്തനികള്‍, 43 ഉരഗവര്‍ഗ ജീവികള്‍ എന്നിവയാണ് ഇപ്പോള്‍ തൃശൂര്‍ മൃഗശാലയിലുള്ളത്. ഈ ജീവികളെ എല്ലാം അടുത്ത ആറു മാസത്തിനകം പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇത്രയധികം ജീവികളെ ഒരു മൃഗശാലയില്‍ നിന്നും മറ്റൊന്നിലേക്കു മാറ്റുന്നത് അപൂര്‍വവും ശ്രമകരവുമാണ്. ഇവയെ ഇനം തിരിച്ച്, ഘട്ടം ഘട്ടമായി മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. കേന്ദ്ര മൃഗശാല അതോറിറ്റിയുമായി തുടര്‍ച്ചയായി ആശയ വിനിമയം നടത്തിയതിനാലാണ് കാലതാമസം കൂടാതെ അനുമതി ലഭ്യമാക്കാന്‍ സാധിച്ചത്. സുവോളജിക്കല്‍ പാര്‍ക്കിന്റെ പണി പൂര്‍ത്തിയാക്കല്‍ അന്തിമഘട്ടത്തിലാണെന്നും വൈകാതെ തന്നെ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ സാധിക്കുമെന്നും മന്ത്രി ശശീന്ദ്രന്‍ അറിയിച്ചു.
 

  കിടപ്പാടത്തിനായി കൈക്കൂപ്പി കരഞ്ഞ് അമ്മമാര്‍, ചെമ്പൂത്രയിലെ ഒഴിപ്പിക്കലില്‍ നാടകീയ രംഗങ്ങൾ; ഉദ്യോഗസ്ഥർ മടങ്ങി 
 

Follow Us:
Download App:
  • android
  • ios