റോഡിലൂടെ ആന നടന്നു വരുന്നത് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ആർആർടിയെത്തി ആനയെ വേസ്റ്റുകുഴി ഭാഗത്തേക്ക് തുരത്തിയോടിച്ചു
ചിന്നക്കനാൽ: ഇടുക്കി ചിന്നക്കനാലിൽ ചക്കകൊമ്പൻ കാർ തകർത്തു. ചിന്നക്കനാൽ സ്കൂൾ പരിസരത്ത് നിർത്തിയിട്ടിരുന്ന വാഹനമാണ് ആക്രമിച്ചത്. സ്കൂളിൻറെ ഗേറ്റ് തകർത്ത് കോംപൗണ്ടിൽ കയറിയാണ് കാർ തകർത്തത്. ചിന്നക്കനാൽ സ്വദേശി മണിയുടെ ഉടമസ്ഥതയിൽ ഉള്ള ടാക്സി കാറാണ് ആക്രമിച്ചത്. റോഡിലൂടെ ആന നടന്നു വരുന്നത് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ആർആർടിയെത്തി ആനയെ വേസ്റ്റുകുഴി ഭാഗത്തേക്ക് തുരത്തിയോടിച്ചു. കഴിഞ്ഞ ദിവസം ചിന്നക്കനാൽ സ്വദേശി ശ്യാമിന്റെ വീടിന്റെ വാതിലും മൂന്നു പേരുടെ കൃഷിയും ആന നശിപ്പിച്ചിരുന്നു. സമീപത്തെ മൂന്നു പേരുടെ കൃഷിയിടത്തിലെ തെങ്ങ്, ഏലം തുടങ്ങിയ കൃഷികളും നശിപ്പിച്ചു. രാത്രിയിൽ പ്രദേശത്ത് കറണ്ടില്ലാതിരുന്നതിനാൽ രാവിലെയാണ് കാട്ടാന ആക്രമണം നടന്നത് ആളുകൾ അറിഞ്ഞത്.
അതേസമയം വയനാട്ടിൽ കഴിഞ്ഞദിവസം കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രാജു ഗുരുതരാവസ്ഥയിൽ ചികിത്സയിരിക്കെയാണ് മരിച്ചിരുന്നു. രാജുവിൻ്റെ കുടുംബത്തെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് ജില്ലയിലെ കല്ലൂരിൽ മണിക്കൂറോളം നടന്ന സമരത്തിനൊടുവിൽ രാജുവിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും ഒരു ലക്ഷം രൂപ ഇതിന് പുറമെ ഇൻഷുറൻസായും നൽകാൻ യോഗത്തിൽ തീരുമാനമായി. ഇതിന് പുറമെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം നൽകണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി.
