ആലപ്പുഴ: ചമ്പക്കുളം മൂലം ജലോത്സവത്തിൽ നടുഭാഗം ചുണ്ടൻ വീണ്ടും ജേതാക്കളായി. ചമ്പക്കുളം ചുണ്ടനെ പിന്തള്ളിയാണ് നേട്ടം. പമ്പയാറ്റിലെ മൂലം വള്ളംകളിയോടെ മൂന്നര മാസം നീളുന്ന ജലോത്സവക്കാലത്തിനും  തുടക്കമായി.

അഞ്ച് ചുണ്ടൻ വള്ളങ്ങളാണ് ഹീറ്റ്സിൽ മത്സരിച്ചത്. യുബിസി കൈനകരിയുടെ ചമ്പക്കുളം ചുണ്ടൻ, എൻസിഡിസി ബോട്ട് ക്ലബിന്‍റെ  ദേവസ്, നടുഭാഗം ബോട്ട് ക്ലബിന്‍റെ നടുഭാഗം ചുണ്ടൻ എന്നിവയാണ്  ഫൈനലിലേക്ക് യോഗ്യതനേടിയത്.  ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍  നിലവിലെ ചാമ്പ്യൻമാരായ നടുഭാഗം ചുണ്ടൻ രാജപ്രമുഖൻ ട്രോഫിയിൽ മുത്തമിട്ടു. 

കാണാം വള്ളംകളിയുടെ ചിത്രങ്ങള്‍: ചമ്പക്കുളത്തിന്‍റെ ചുണ്ടനായി 'നടുഭാഗം ചുണ്ടന്‍'; കാണാം ചിത്രങ്ങള്‍

ചമ്പക്കുളം ചുണ്ടൻ രണ്ടാമതും ദേവസ് മൂന്നാമതും ഫിനിഷ് ചെയ്തു. ലൂസേഴ്സ് ഫൈനലിൽ കേരള പൊലീസ് ടീം തുഴഞ്ഞ കാരിച്ചാൽ ചുണ്ടനാണ് ജേതാക്കളായത്. വീറും വാശിയും നിറഞ്ഞ പോരാട്ടമാണ് ചെറുവള്ളങ്ങളും കാഴ്ചവച്ചത്. വനിതകളുടെ മത്സരത്തിൽ ചമ്പക്കുളം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർ തുഴഞ്ഞ വള്ളം ഒന്നാമതെത്തി.