പത്താം ക്ലാസിൽ പഠനം ഉപേക്ഷിച്ച ചന്ദ്രൻ, തന്റെ 44-ാം വയസ്സിൽ ശ്രീലങ്കയിൽ നടന്ന മാസ്റ്റേഴ്സ് ഓപ്പൺ ഇന്റർനാഷണൽ മീറ്റിൽ 5000 മീറ്ററിൽ വെങ്കലം നേടി.

പെരിയ: വീട്ടിലെ സാമ്പത്തിക ബാധ്യകൾ മൂലംപത്താം ക്ലാസിൽ പഠനം ഉപേക്ഷിക്കേണ്ടിവന്നു. അങ്ങനെ വലിയൊരു ആഗ്രഹം മൂടിവച്ചാണ് വര്‍ഷങ്ങൾ ചന്ദ്രൻ ജീവിതം മുന്നോട്ട് നീക്കിയത്. ഒരു കായിക താരമാകണം എന്ന ആ സ്വപ്നം കൈവിടാതെയുള്ള വർഷങ്ങൾ നീണ്ട കഠിന പരിശീലനവുമാണ് 44-ാം വയസിൽ പെരിയ പാക്കത്തെ ചന്ദ്രനെ രാജ്യാന്തര വേദിയിൽ എത്തിച്ചത്.

ജൂലൈ മാസം ശ്രീലങ്കയിലെ കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മാസ്റ്റേഴ്സ് ഓപ്പൺ ഇന്റർനാഷണൽ മീറ്റിൽ 40 കഴിഞ്ഞവരുടെ വിഭാഗത്തിൽ 5000 മീറ്ററിൽ ചന്ദ്രൻ വെങ്കലം നേടി. കൂടാതെ 1500 മീറ്ററിലും, 3000 മീറ്റർ ട്രിപ്പിൾ ചേസിലും നാലാം സ്ഥാനം നേടി. തന്റെ ചെറിയ പ്രായത്തിൽ പൂർത്തീകരിക്കാൻ കഴിയാതെ പോയ സ്വപ്നം 44ആം വയസ്സിൽ സഫലമാക്കിയതിന്റെ ആഹ്ലാദത്തിലാണ് ഇന്ന് ചന്ദ്രൻ.

പതിനാറാം വയസ്സിൽ അച്ഛൻ കെ.വി. കണ്ണനോടൊപ്പം തെങ്ങുകയറാൻ പഠിച്ചു. പിന്നീടങ്ങോട്ട് അതായിരുന്നു ചന്ദ്രന്റെ തൊഴിൽ. പലർക്കും അത് വെറുമൊരു ജോലിയായിരുന്നപ്പോൾ ചന്ദ്രന് അത് തന്റെ അതിജീവനത്തിന്റെ തളപ്പായിരുന്നു. വെളുപ്പിന് അഞ്ചുമണിക്ക് തുടങ്ങുന്ന തെങ്ങുകയറ്റം, ഉച്ചയോടെ അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങും. പിന്നീട് വൈകിട്ട് അഞ്ചിന് ബേക്കൽ ബീച്ചിൽ എത്തും. സന്ധ്യവരെ കടപ്പുറത്ത് കിലോമീറ്ററുകളോളം ഓടിയാണ് പരിശീലനം.

കഴിഞ്ഞവർഷം നടന്ന സംസ്ഥാന അമച്വർ മീറ്റിൽ 10000 മീറ്ററിൽ ഒന്നാം സ്ഥാനം നേടി. മീറ്റിൽ പങ്കെടുക്കാനുള്ള സാമ്പത്തികം വഹിക്കാൻ കഴിയാതിരുന്ന ചന്ദ്രന് തണലായി നിന്നത് ജില്ലയിലെ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം, റൈസിംഗ് പാക്കം, സൗഹൃദ യുഎഇ കമ്മിറ്റി എന്നീ സംഘടനകളാണ്. പാലക്കുന്നിൻ നടന്ന ശ്രീനാരായണഗുരു ജയന്തി ആഘോഷത്തിന്റെ ഭാഗമായുള്ള ക്രോസ് കൺട്രി മത്സരമായിരുന്നു കായിക താരമാകണമെന്ന സ്വപ്നത്തിലേക്കുള്ള ചന്ദ്രന്റെ ആദ്യ ചവിട്ടുപടി.

ചെന്നൈയിലും കൊൽക്കത്തയിലും നടന്ന മാസ്റ്റേഴ്സ് മീറ്റുകളിലും പങ്കെടുത്തു. ഏത് സാഹചര്യങ്ങളിലും സ്വപ്നത്തെ മുറുകെപ്പിടിച്ചുകൊണ്ട് അതിനുവേണ്ടി എല്ലാ പ്രയാസങ്ങളെയും തരണം ചെയ്ത് മുന്നേറുന്നവരെ കാത്തിരിക്കുന്നത് വിജയം മാത്രമെന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ചന്ദ്രൻ. ജീവിതത്തിൽ എന്തെങ്കിലും നേടണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് എത്ര കഷ്ടപ്പെട്ടാലും നമ്മൾ നേടിയെടുക്കണം എന്ന് ചന്ദ്രൻ പറയുന്നു.

ഓട്ടത്തിനു പുറമെ മികച്ച കബഡി താരം കൂടിയാണ് ചന്ദ്രൻ. ഇപ്പോൾ ജൂനിയർ ടീമിന്റെ കബഡി കോച്ചും, സംഘ ചേതന കണ്ണംവയലിന്റെ കമ്പവലി ടീം അംഗവുമാണ് ചന്ദ്രൻ. നേടിയത് വെങ്കല മെഡൽ ആണെങ്കിലും അതിനു പിന്നിൽ വർഷങ്ങളായുള്ള കഠിന പരിശ്രമവും സ്വപ്നവും ഉണ്ടെന്ന് ചന്ദ്രൻ പറയുന്നു.