തിങ്കളാഴ്ച പുറത്തിറങ്ങിയ ഭാഗ്യതാരാ ലോട്ടറിയിലാണ് തട്ടിപ്പ് നടത്തിയത്. പണം വാങ്ങുന്നതിനൊപ്പം വില്പനക്കാരിയുടെ പക്കൽ നിന്ന് ചില മറ്റ് ടിക്കറ്റുകളും സംഘം വാങ്ങി

കൊച്ചി: ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി പണം തട്ടിയെടുത്തു. നോർത്ത് പറവൂർ പെരുവാരം ബസ് സ്റ്റോപ്പിന് സമീപം ലോട്ടറി വില്പന നടത്തുന്ന മഹിളാ മുരളിയെയാണ് തട്ടിപ്പുകാർ കബളിപ്പിച്ചത്. 1000 രൂപ സമ്മാനാർഹമായ ടിക്കറ്റിന്റെ അവസാന നാലക്ക നമ്പർ 2307 ആയിരുന്നു. എന്നാൽ തട്ടിപ്പുകാർ കൈവശം വെച്ചിരുന്നത് 2807 എന്ന നമ്പറുള്ള ടിക്കറ്റായിരുന്നു. ഇതിലെ 8 എന്ന അക്കം 3 ആക്കി മാറ്റിയാണ് സമ്മാനാർഹമായ ടിക്കറ്റായി കാണിച്ച് പണം വാങ്ങിയത്. തിങ്കളാഴ്ച പുറത്തിറങ്ങിയ ഭാഗ്യതാരാ ലോട്ടറിയിലാണ് തട്ടിപ്പ് നടത്തിയത്. പണം വാങ്ങുന്നതിനൊപ്പം വില്പനക്കാരിയുടെ പക്കൽ നിന്ന് ചില മറ്റ് ടിക്കറ്റുകളും സംഘം വാങ്ങിയതായി പറയുന്നു. സമ്മാനാർഹമായ ടിക്കറ്റുകൾ പരിശോധിക്കാൻ പലർക്കും സ്കാനർ സൗകര്യമില്ലാത്തതിനാൽ സാധാരണ മൊബൈൽ ഫോണുകളെയാണ് ആശ്രയിക്കുന്നത്. സംഭവത്തിൽ മഹിളാ മുരളി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. ഇതിന് മുൻപും പറവൂർ മേഖലയിൽ സമാന രീതിയിലുള്ള തട്ടിപ്പുകൾ നടന്നതായി വിവരമുണ്ട്. കൂടുതലായും പ്രായമായ ലോട്ടറി വില്പനക്കാരെയാണ് ഇത്തരം സംഘം ലക്ഷ്യമിടുന്നതെന്ന് പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം