കൈതപ്പൊയില്‍ നോളെജ് സിറ്റിക്കടുത്തുള്ള വീട്ടില്‍ നിന്നും റഫീഖ് 15 പവന്‍ സ്വര്‍ണവും 1.25 ലക്ഷം രൂപയുമാണ് മോഷ്ടിച്ചത്. പിടിക്കപ്പെടാതിരിക്കാന്‍ മോഷണം നടത്തിയ വീട്ടിലെ സിസിടിവ് ഹാര്‍ഡ് ഡിസ്‌ക് വാട്ടർ ടാങ്കിലിട്ടിരുന്നു.

കോഴിക്കോട്: പിടിക്കപ്പെടാതിരിക്കാന്‍ മോഷണം നടത്തിയ വീട്ടിലെ സിസിടിവ് ഹാര്‍ഡ് ഡിസ്‌ക് എടുത്ത് വാട്ടര്‍ ടാങ്കില്‍ ഇട്ട കുപ്രസിദ്ധ മോഷ്ടാവിനെ ഒടുവില്‍ പൊലീസ് പിടികൂടി. ചാവക്കാട് റഫീക്ക് എന്ന വെന്താട്ടില്‍ റഫീക്കിനെയാണ് കോഴിക്കോട് റൂറല്‍ എസ്പി കെഇ ബൈജുവിന്റെ കീഴിലുള്ള സംഘം പിടികൂടിയത്. ഇയാള്‍ ഇപ്പോള്‍ താമസിക്കുന്ന മേപ്പാടി ടൗണിലുള്ള വാടകവീട്ടില്‍ നിന്നാണ് കോടഞ്ചേരി പൊലീസും സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.

താമരശ്ശേരി കൈതപ്പൊയില്‍ നോളെജ് സിറ്റിക്കടുത്തുള്ള വീട്ടില്‍ നിന്നും ഇയാള്‍ 15 പവന്‍ സ്വര്‍ണവും 1.25 ലക്ഷം രൂപയുമാണ് മോഷ്ടിച്ചത്. സംസ്ഥാനത്ത് സമാന രീതിയില്‍ മോഷണം നടത്തിയവരെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. മോഷണം നടത്തിയ പത്ത് പവന്‍ ആഭരണങ്ങളും പണവും വീട്ടില്‍ ഒളിപ്പിച്ച നിലയില്‍ പൊലീസ് കണ്ടെടുത്തു. മേപ്പാടിയിലെ ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയ 34 ഗ്രാം സ്വര്‍ണവും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ സിസംബര്‍ 28ന് പുലര്‍ച്ചെയാണ് ട്രാവല്‍ ഏജന്‍സി നടത്തുന്ന വേഞ്ചേരി അരിയാര്‍ കുന്നത്ത് ഷൈജലിന്റെ വീട്ടില്‍ മോഷണം നടന്നത്. ഷൈജല്‍ കുടുംബവുമൊത്ത് ഊട്ടിയില്‍ പോയ സമയത്തായിരുന്നു സംഭവം. പുലര്‍ച്ചെ മൂന്നു മണിക്ക് വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് ഊരിയെടുത്ത് അടുത്ത് നിര്‍മ്മാണം നടക്കുന്ന വീട്ടിലെ ഡ്രമ്മിലെ വെള്ളത്തിലിട്ട നിലയിലായിരുന്നു.