കല്ലിയൂരിൽ പൂത്തുലഞ്ഞ് ചെണ്ടുമല്ലി. ആദ്യവിളവെടുപ്പിൽ ലഭിച്ചത് 10 കിലോ പൂക്കൾ. ഉത്സവ സീസണിൽ ആവശ്യക്കാർ ഏറെയെന്ന് കർഷകർ. 

തിരുവനന്തപുരം: കല്ലിയൂരിൽ പൂത്തുലഞ്ഞ് ചെണ്ടുമല്ലി. ആദ്യവിളവെടുപ്പിൽ ലഭിച്ചത് 10 കിലോ പൂക്കൾ. ഉത്സവ സീസണിൽ ആവശ്യക്കാർ ഏറെയെന്ന് കർഷകർ. കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ പുന്നമൂട് വാർഡിൽ പ്രതാപചന്ദ്രൻനായരുടെ 10 സെൻറ് ഭൂമിയിലാണ് അഞ്ചംഗ സംഘത്തിന്റെ പൂകൃഷി. ചെണ്ടുമല്ലി കൃഷിയുടെ ആദ്യ വിളവെടുപ്പ് കല്ലിയൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് ചന്ദുകൃഷ്‌ണ നിർവഹിച്ചു. 

തരിശ് ഭൂമിയായിരുന്ന ഇവിടെ വാർഡ് മെമ്പർ അശ്വതിയുടെ നേതൃത്വത്തിൽ ഓമനകുഞ്ഞ്, പ്രതാപചന്ദ്രൻ നായർ,പ്രിയ രഞ്ജിനി, റാണാപ്രതാപ്, ശ്രീരഞ്ജിനി എന്നിവരാണ് പൂകൃഷി തുടങ്ങിയത്. മറ്റു കൃഷികൾ ചെയ്യുന്ന ഇവർ അധിക വരുമാനമെന്ന നിലക്കും, മാനസിക ഉല്ലാസത്തിനും വേണ്ടിയുമാണ് ചെണ്ടുമല്ലി കൃഷി തെരഞ്ഞെടുത്തത്. മിത്ര എന്നപേരിൽ കൃഷിക്കൂട്ടം സംഘടിപ്പിച്ച് കല്ലിയൂർ കൃഷിഭവനിലും പഞ്ചായത്തിലും പദ്ധതി തയ്യാറാക്കി നൽകിയാണ് പൂക്കൃഷി ആരംഭിച്ചത്. 

കൃഷിക്കാവശ്യമുള്ള നടീൽ വസ്തുക്കൽ കൃഷിഭവൻ നൽകി. പൂർണ്ണമായും ജൈവവളം മാത്രമാണ് ഉപയോപ്ഗിച്ചതെന്ന് കർഷകർ പറഞ്ഞു. കല്ലിയൂർ കൃഷി ഭവനിലെ കൃഷി ഓഫീസർ സി. സ്വപ്ന, അസിസ്റ്റന്റ് കൃഷി ഓഫീസർ ജിഷ എന്നിവരാണ് കൃഷി പരിചരണത്തിനുള്ള നിർദേശങ്ങൾ നൽകിയത്. വെള്ളായണി ദേവിക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ചുള്ള ദിക്ക് ബലിയും നിറപറയും നടക്കുന്നതിനാൽ പൂക്കൾക്ക് ആവശ്യക്കാർ ഏറെയെന്നു ഇവർ പറയുന്നു. കഴിഞ്ഞ ദിവസ നടന്ന ആദ്യവിളവായ 10 കിലോഗ്രാം പൂവ് 130 രൂപ നിരക്കിൽ നിറപറ വയ്ക്കുന്ന വ്യക്തി വാങ്ങിയെന്ന് കൃഷിഓഫീസർ അറിയിച്ചു. 

വിളവെടുത്തു തുടങ്ങിയതോടെ നിരവധിപേർ പൂവിനായി സമീപിച്ചുവെന്ന് കർഷകർ പറഞ്ഞു. ചെണ്ടുമല്ലിയായതിനാൽ തന്നെ അധികം കീടബാധയേൽക്കില്ലന്നും കൂടുതൽ പരിചരണത്തിന്റെ ആവശ്യമില്ലെന്നും കർഷകർ പറഞ്ഞു.മറ്റു കൃഷിപ്പണികൾ ചെയ്യുന്നവർക്കു ഏതാനും മണിക്കൂറുകൾ മാത്രം പൂക്കൃഷിക്കുവേണ്ടി ചിലവിട്ടാൽ മതിയാകും.കൃഷി ഓഫീസർ സി.സ്വപ്നയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഓണ വിപണി ലക്ഷ്യമാക്കി കല്ലിയൂരിലെ വിവിധ സ്ഥലങ്ങളിലായി 250 ലേറെ സ്ഥലങ്ങളിലാണ് പച്ചക്കറി കൃഷിനടത്തിയത്. 

വിവിധ പാർട്ടികളെയും സംഘടനകളെയും കർഷകരെയും ഒന്നിച്ചു കൊണ്ടുപോകാനും അവരോടൊപ്പം നിൽക്കാനും ഇവർക്ക് കഴിഞ്ഞു.വിവിധ വിഭാഗത്തിലുള്ള കർഷകരെ ആദരിക്കുകവഴി പ്രോത്സാഹനം നൽകാനും കൃഷി ഓഫീസർ മുൻകൈ എടുത്തു.പുതു തലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ കൃഷി കൂട്ടങ്ങൾ ആരംഭിച്ചു. പരമ്പരാഗത കർഷകർ ഒഴികെ പുതുതലമുറ കർഷകരും, കുടുംബശ്രീയും, വനിതാ കൂട്ടായ്മകളും, രാഷ്ട്രീയ സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്നവരും ഉൾപ്പെട്ടതാണ് കൃഷി കൂട്ടങ്ങൾ. 

Read more:  റോഡിലെ വളവിൽ ഓയിൽ ചോർന്നു, വാഹനങ്ങൾ തെന്നിവീഴുന്നതായി വിളിയെത്തി, ഫയര്‍ഫോഴ്സ് എത്തി, ഒപ്പം കൂടി ഈ കുട്ടികളും!

ആധുനിക കൃഷി സമ്പ്രദായങ്ങളിലും മാർക്കറ്റിംഗ് മേഖലയിലും കർഷകർക്ക് പ്രാവീണ്യം നൽകുന്നു. വിളവെടുത്ത പച്ചക്കറി ഉത്പന്നങ്ങൾ കൃഷിഭവൻ ആഴ്ച ച്ചന്തയിലൂടെയും വി.എഫ്.പി.സി.കെ വിപണിയിലൂടെയും വിറ്റഴിക്കുകെ, കൃഷി ഉപജീവനമാർഗമാക്കിയ കൃഷിക്കൂട്ടങ്ങൾ ഉൾപ്പെടെയുള്ള എല്ലാ കർഷകരുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുക, കാർബൺ ന്യൂട്രൽ കൃഷിയിടങ്ങൾ സാദ്ധ്യമാക്കുക തുടങ്ങിയവക്കെല്ലാം ഇവർ മുൻകൈ എടുക്കുന്നു.