വസ്തു തരം മാറ്റി നൽകാമെന്ന് വിശ്വസിപ്പിച്ച് ചെങ്ങന്നൂർ സ്വദേശിയിൽ നിന്ന് 62 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തരം മാറ്റാൻ സ്വാധീനമുണ്ടെന്ന് പറഞ്ഞാണ് സുബിൻ മാത്യു വർഗ്ഗീസും കൂട്ടാളികളും പണം തട്ടിയത്.
ചെങ്ങന്നൂർ: വസ്തുവിന്റെ തരം മാറ്റിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലതവണയായി 62,72,415 രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയെ ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. നിരണം കടപ്ര കോതാവേലിൽ വീട്ടിൽ നിന്നും മുളക്കുഴ പിരളശ്ശേരി മെറീസ ബംഗ്ലാവിൽ താമസിക്കുന്ന സുബിൻ മാത്യു വർഗ്ഗീസ് (38) ആണ് പിടിയിലായത്. ചെങ്ങന്നൂർ പുത്തൻകാവ് സ്വദേശിയുടെ പരാതിയിൽ ചെങ്ങന്നൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
പരാതിക്കാരന്റെ വീടുമായി അടുത്ത ബന്ധമുണ്ടായിരുന്ന സുബിൻ മാത്യുവും കൂട്ടുപ്രതികളായ ചങ്ങന്നൂർ സ്വദേശികളായ ചന്ദ്രൻ, ആംബുലൻസ് ഡ്രൈവറായ സാംസൺ എന്നിവരും ചേർന്നാണ് കബളിപ്പിച്ചത്. വിദേശത്തായിരുന്ന പരാതിക്കാരന്റെ ഭാര്യ മരണപ്പെട്ട ശേഷം തിരുവനന്തപുരം സിറ്റിയിലുള്ള വീടും വസ്തുവും പരാതിക്കാരന്റെയും മകളുടെയും പേരിലാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വസ്തുവിന്റെ രേഖകൾ പ്രതി സുബിൻ മാത്യു വാങ്ങിക്കൊണ്ടുപോയി. തുടർന്ന് വസ്തു നിലമാണെന്നും തരം മാറ്റിയാൽ വിൽക്കുമ്പോൾ രണ്ട് കോടിയോളം രൂപ ലഭിക്കുമെന്നും പ്രതികൾ വിശ്വസിപ്പിച്ചു. തങ്ങൾക്ക് തിരുവനന്തപുരത്തുള്ള സ്വാധീനമുപയോഗിച്ച് തരം മാറ്റിയെടുക്കാമെന്നും അതിനുള്ള ചെലവിലേക്കെന്നുമാണ് 2024 നവംബർ മാസം മുതൽ 2025 ജൂൺ മാസം വരെ പത്തിലധികം തവണകളായി മൂന്ന് പ്രതികളും ചേർന്ന് പണം തട്ടിയെടുത്തത്. ഒന്നാം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതി മുമ്പാകെ ഹാജരാക്കി.


