ലക്ഷങ്ങള്‍ വിലമതിയ്ക്കുന്ന ചെമ്പ് പാത്രങ്ങള്‍ സുരിക്ഷതമല്ലാത്ത കെട്ടിടത്തിനുള്ളിലാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്
ചേര്‍ത്തല: നഗരത്തിലെ പ്രധാന സ്‌കൂള്‍ കെട്ടിടത്തിന്‍റെ ജനല്‍ചില്ലുകള്‍ സാമൂഹിക വിരുദ്ധര്‍ എറിഞ്ഞ് തകര്‍ത്തു. ശ്രീ നാരായണ മെമ്മോറിയല്‍ ഗവണ്‍മെന്‍റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ശനിയാഴ്ച വൈകിട്ട് 5.30ന് സ്‌കൂള്‍ അധികൃതര്‍ കോമ്പൗണ്ട് പൂട്ടി പോയതാണ്. തിങ്ങളാഴ്ച രാവിലെ സ്‌കൂളിലെത്തിയപ്പോഴാണ് ജനല്‍ചില്ലുകള്‍ തകര്‍ന്നത് സ്‌കൂള്‍ അധികൃതര്‍ അറിയുന്നത്.
സ്‌കൂളില്‍ പുതിയതായി പണിത എന്‍ സി സി ഓഫീസിലെയും കമ്പ്യൂട്ടര്‍ ലാബിലെയും ചില്ലുകളാണ് തകര്‍ത്തത്. സ്‌കൂള്‍ ഗേറ്റുകള്‍ പൂട്ടി പോയാലും മതില്‍ ചാടി കടന്ന് നിരവധിയാളുകള്‍ കോമ്പൗണ്ടിനുള്ളില്‍ പ്രവേശിക്കുന്നുണ്ട്. പല തവണ അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതേ വരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പി ടി എ പ്രസിഡന്റ് ടി എസ് അജയകുമാര്‍ പറഞ്ഞു.
മയക്ക് മരുന്ന് ഉപയോഗിക്കുന്നവരുടെ രാത്രികാല താവളമാണ് ഈ സര്‍ക്കാര്‍ സ്‌കൂള്‍. നേരത്തെ കെട്ടിടത്തിന്‍റെ ഓടുകള്‍ എറിഞ്ഞുടയ്ക്കുന്നത് പതിവായിരുന്നു. ലക്ഷങ്ങള്‍ വിലമതിയ്ക്കുന്ന ചെമ്പ് പാത്രങ്ങള്‍ സുരിക്ഷതമല്ലാത്ത കെട്ടിടത്തിനുള്ളിലാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. ഇവയുടെ സംരക്ഷണമെന്ന നിലയില്‍ ചേര്‍ത്തല പൊലീസ് സ്റ്റേഷനില്‍ രാത്രികാല പരിശോധന ശക്തമാക്കണമെന്ന് പറഞ്ഞിരുന്നതാണെന്ന് പ്രധാന അധ്യാപിക പി ജമുനാ ദേവി വ്യക്തമാക്കി.
