കോഴിവണ്ടി പാഞ്ഞെത്തി, തൃത്താലയിൽ സ്കൂളിന്‍റെ മതിൽ ഇടിച്ച് തകർത്തു; മണിക്കൂറുകൾക്കകം മതിൽ പഴയ പടിയാക്കി ഉടമ
അജ്ഞാത വാഹനം ഇടിച്ച് മതിൽ തകർന്നതാണെന്ന് കരുതി അധികൃതർ പരാതി നൽകാനൊരുങ്ങി. എന്നാൽ ഇതിനിടെ കോഴിവണ്ടിക്കാർ സ്കൂളിലെത്തി തങ്ങളുടെ വാഹനാണ് മതിലിൽ ഇടിച്ചതെന്ന വിവരം അറിയിച്ചു.
പാലക്കാട്: തൃത്താലയിൽ അമിത വേഗതയിലെത്തിയ കോഴിവണ്ടി സ്കൂൾ മതിൽ ഇടിച്ച് തകർത്തു. മണിക്കൂറുകൾക്കകം കോഴി വണ്ടിക്കാർ തന്നെ സ്കൂളിന്‍റെ മതിൽ പുനഃർനിർമ്മിച്ചു നൽകി. തൃത്താല ഡോ. കെ.ബി മേനോൻ മെമ്മോറിയൽ ഹൈസ്കൂളിന്‍റെ മതിലാണ് കോഴി കയറ്റി വരികയായിരുന്ന ലോറി ഇടിച്ചു തെറിപ്പിച്ചത്. ഇന്ന് പുലർച്ചെ രണ്ടരയോടെ ആയിരുന്നു അപകടം. പുലർച്ചെ ആയതിനാൽ സ്കൂളിലും പരിസരത്തും ആരുമില്ലാത്തതിനാൽ ലോറിക്കാർ കോഴി ലോഡുമായി വിതരണത്തിനായി പോവുകയും ചെയ്തു.
രാവിലെ സ്കൂൾ തുറക്കാനെത്തിയപ്പോഴാണ് അധികൃതർ മതിൽ തകർന്ന നിലയിൽ കണ്ടെത്തിയത്. അജ്ഞാത വാഹനം ഇടിച്ച് മതിൽ തകർന്നതാണെന്ന് കരുതി അധികൃതർ പരാതി നൽകാനൊരുങ്ങി. എന്നാൽ ഇതിനിടെ കോഴിവണ്ടിക്കാർ സ്കൂളിലെത്തി തങ്ങളുടെ വാഹനാണ് മതിലിൽ ഇടിച്ചതെന്ന വിവരം അറിയിച്ചു. അൽപ്പ സമയത്തിനകം തന്നെ മതിൽ പുനഃർനിർമ്മിച്ച് നൽകാമെന്ന് സ്കൂൾ അധികൃതരോട് വാഹനത്തിലുണ്ടായിരുന്നവർ ഉറപ്പും നൽകി.
തുടർന്ന് രാവിലെ തന്നെ മതിൽ പുനഃർനിർമ്മാണവും ആരംഭിച്ചു. മണിക്കൂറുകൾക്കുള്ളിൽ മതിൽ പഴയ സ്ഥിതിയിലാക്കി. സ്കൂൾ ഗേറ്റിന്‍റെ ഭാഗത്തോട് ചേർന്ന് ഏതാണ് പത്ത് മീറ്റർ ദൂരത്തിലാണ് മതിൽ തകർന്നത്. സംഭവ സമയത്ത് സ്കൂളിന്‍റെ പരിസരത്ത് ആരും ഇല്ലാതിരുന്നതിനാൽ മറ്റ് അപകടങ്ങളൊന്നുമുണ്ടായില്ല. എന്തായാലും കോഴി വണ്ടിക്കാരുടെ സത്യസന്ധതയിൽ സ്കൂളിന്‍റെ മതിൽ ഒറ്റ ദിവസം കൊണ്ട് പഴയ പോലെയായി.