ഇടുക്കി: മണ്ണില്‍ പൊന്ന് വിളയിച്ച് കുട്ടി കര്‍ഷകര്‍ നാടിന് മാതൃകയായി. കൊയ്ത്ത് പാട്ടിന്റെ ഈരടികള്‍ക്കൊപ്പം താളത്തില്‍ ചുവട് വച്ച്   കഞ്ഞിക്കുഴി പഴയരിക്കണ്ടം സര്‍ക്കാര്‍ ഹൈസ്‌കൂളിലെ എസ്പിസി യൂണിറ്റ് വിദ്യാര്‍ത്ഥികള്‍ കൊയ്‌തെടുത്തത് നൂറുമേനി വിളവ്. കഞ്ഞിക്കുഴി പാലപ്ലാവില്‍ നടന്ന കുട്ടികര്‍ഷകരുടെ കൊയ്ത്തുത്സവം ഹൈറേഞ്ചിലെ നെല്‍കൃഷിയുടെ പഴയ പ്രതാപകാലത്തിന്റെ ഓര്‍മ്മപ്പെടുത്തലായി മാറി. വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി കുട്ടികളുടെ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.

മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനാകുന്നതിന് മുന്‍പ് താന്‍ കര്‍ഷകനായിരുന്നെന്നും കൃഷി അന്നത്തെ ജീവിതമാര്‍ഗമായിരുന്നെന്നും പറഞ്ഞ മന്ത്രി കാര്‍ഷിക ഓര്‍മ്മകളും പങ്കുവച്ചു. കേരളീയര്‍ അധ്വാനശീലത്തിലേക്ക് തിരിച്ചുവരണമെന്നും കുട്ടികളുടെ നെല്‍കൃഷി സമൂഹത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിലാണ് കൃഷി വകുപ്പിന്റെ സഹകരണത്തോടെ പാഠം ഒന്ന് പാടത്തേക്ക് പദ്ധതി പ്രകാരം വിദ്യാര്‍ത്ഥികള്‍ വിത്ത് വിതച്ചത്. പഴയരിക്കണ്ടം സ്‌കൂളിലെ അധ്യാപികയായ ടി എസ് ജസിമോളുടെ പാലപ്ലാവിലെ ഒന്നര ഏക്കര്‍  ഭൂമിയാണ് കുട്ടികള്‍ക്ക് കൃഷിക്കായ് നല്‍കിയത്.

പഠനത്തെ ബാധിക്കാത്ത രീതിയില്‍ രാവിലെയും വൈകിട്ടുമായാണ് കൃഷിയ്ക്ക് സമയം കണ്ടെത്തിയത്. കുറഞ്ഞ ചിലവില്‍ തികച്ചും ജൈവരീതിയില്‍ ലാഭകരമായി നെല്‍കൃഷി നടത്തുവാന്‍ കഴിയുമെന്ന് തെളിയിക്കുന്നതിനൊപ്പം നെല്‍വയലുകള്‍ സംരക്ഷിക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെയും ആവശ്യകതയും സമൂഹത്തെ ബോധ്യപ്പെടുത്തി. കുട്ടികളില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കുകയെന്ന സന്ദേശം കൂടിയാണ് കുട്ടി കര്‍ഷകര്‍ സമൂഹത്തിന് പകര്‍ന്ന് നല്‍കിയത്.

130 ദിവസം കൊണ്ട് മൂപ്പെത്തുന്ന ചുമന്ന ഇത്തികണ്ണപ്പന്‍ എന്ന പരമ്പരാഗത വിത്തിനമാണ് കൃഷിക്ക് ഉപയോഗിച്ചത്. പരമ്പരാഗത നെല്‍കൃഷി കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചതോടെ മറഞ്ഞത് ഹൈറേഞ്ചിന്റെ നെല്‍ക്കലവറയാണ്. കുട്ടി കര്‍ഷകരുടെ കൊയ്ത്തുത്സവം ഹൈറേഞ്ചിലെ കാര്‍ഷിക ഗ്രാമങ്ങള്‍ക്ക് പുതുപ്രതീക്ഷയാണ് നല്‍കുന്നത്. വിളവെടുപ്പിന് സാക്ഷികളായി രക്ഷകര്‍ത്താക്കളും നാട്ടുകാരും അടക്കം നിരവധി പേര്‍ എത്തിയിരുന്നു.