പിറന്നാൾ ദിനത്തിനായി കാത്തുകാത്തുവെച്ച കുഞ്ഞുകുടുക്കുകൾ പൊട്ടിച്ചു, സ്നേഹവീട്ടിൽ സമ്മാനങ്ങൾ നൽകി കുരുന്നുകൾ
ആരോരുമില്ലാതെ ഇവിടെ കഴിയുന്നവർക്കായി കുരുന്നുകൾ കഥകൾ പറയുകയും പാട്ടുകൾ പാടുകയും ചെയ്തു

അമ്പലപ്പുഴ: പിറന്നാൾ ദിനത്തിൽ സമ്മാനം വാങ്ങാൻ കൊച്ചു കുടുക്കകളിൽ നിക്ഷേപിച്ച സമ്പാദ്യം ഉപയോഗിച്ച് ശിശുദിനത്തിൽ അഗതി മന്ദിരത്തിലെ അന്തേവാസികൾക്കായി വസ്ത്രവും ഭക്ഷണവും വാങ്ങി നൽകി കുരുന്നുകൾ. നീർക്കുന്നം എച്ച് ഐഎൽപി സ്കൂളിലെ പ്രീ പ്രൈമറി വിഭാഗത്തിലെ 40 ഓളം കുരുന്നുകളാണ് വ്യത്യസ്തമാർന്ന രീതിയിൽ ശിശുദിനമാഘോഷിച്ചത്.
സ്കൂളിൽ പ്രീ പ്രൈമറി വിഭാഗത്തിലെ കുരുന്നുകളാണ് തങ്ങളുടെ പിറന്നാൾ ആഘോഷിക്കാൻ കഴിഞ്ഞ ഒരു വർഷക്കാലമായി കുടുക്കയിൽ സമ്പാദ്യം നിക്ഷേപിച്ചത്. ഈ കുടുക്കകളിലെ പണമാണ് ചാച്ചാജിയുടെ ജൻമദിനത്തിൽ അമ്പലപ്പുഴ ഇരട്ടക്കുളങ്ങര കിഴക്ക് പ്രവർത്തിക്കുന്ന സ്നേഹവീട് അഭയ കേന്ദ്രത്തിലെ അന്തേവാസികൾക്ക് ഭക്ഷണവും വസ്ത്രവും നൽകാനായി ഈ കുരുന്നുകൾ ചെലവഴിച്ചത്.
ഇത്രയും ഓര്‍മശക്തി! നോണ്‍ സ്റ്റോപ്പായി പൈ മൂല്യം പറയുന്ന ഒന്നാം ക്ലാസുകാരന്‍
ചാച്ചാജിയുടെ വേഷമണിഞ്ഞ് പാറിപ്പറക്കുന്ന ചിത്രശലഭങ്ങളെപ്പോലെ ഒരുങ്ങിയാണ് കുരുന്നുകൾ സ്നേഹവീട്ടിലെത്തിയത്. അനാഥത്വം പേറി കഴിയുന്നവരുടെ വേദനകൾ മനസിലാക്കാനും അവർക്കൊപ്പം അൽപ്പസമയം ചെലവഴിക്കാനുമാണ് പ്രീ പ്രൈമറി അധ്യാപകരായ മാജിത, സുമയ്യ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളെ ഇവിടെയെത്തിയത്.
ആരോരുമില്ലാതെ ഇവിടെ കഴിയുന്നവർക്കായി ഈ കുരുന്നുകൾ കഥകൾ പറയുകയും പാട്ടുകൾ പാടുകയും ചെയ്തു. ഓരോ അന്തേവാസിക്കും കുരുന്നുകൾ നേരിട്ടാണ് വസ്ത്രവും ഭക്ഷണവും കൈമാറിയത്. കഴിഞ്ഞ വർഷം പുന്നപ്ര ശാന്തി ഭവനിലാണ് ഈ കുരുന്നുകൾ സമ്പാദ്യക്കുടുക്ക പൊട്ടിച്ച് ശിശുദിനമാഘോഷിച്ചത്. പഞ്ചായത്തംഗം റസിയാബീവി, പ്രധാനാധ്യാപിക ഷംന, പിടിഎ ഭാരവാഹികൾ തുടങ്ങിയവരും പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം