ബാങ്കിലെ ജോലിക്കായി പൊലീസിന്‍റെ വ്യാജ ക്ലിയറൻസ് സർട്ടിഫിക്കറ്റ് തയാറാക്കി നൽകിയ യുവതിയെ മാറനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. അക്ഷയ സെന്‍ററിൽ ജോലി ചെയ്തിരുന്ന യുവതി 

തിരുവനന്തപുരം: ബാങ്കിലെ ജോലിക്കായി പൊലീസിന്‍റെ വ്യാജ ക്ലിയറൻസ് സർട്ടിഫിക്കറ്റ് തയാറാക്കി നൽകിയ യുവതി അറസ്റ്റിൽ. ഊരൂട്ടമ്പലം അക്ഷയ സെന്‍ററിൽ ജോലി ചെയ്തിരുന്ന റസൽപുരം തേമ്പാമുട്ടം എള്ളുവിള വീട്ടിൽ എസ് ചിഞ്ചു ദാസിനെ (34) യാണ് മാറനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 2023 മാർച്ച് 25നായിരുന്നു സംഭവം. സ്വകാര്യ ബാങ്കിൽ ജോലിക്ക് വേണ്ടി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയ യുവാവിന് നിശ്ചിത തുക അടച്ച ശേഷം സർട്ടിഫിക്കറ്റ് നൽകി.

എന്നാൽ, ഇത് ബാങ്കിൽ ഹാജരാക്കിയപ്പോൾ സംശയം തോന്നിയ ബാങ്ക് അധികൃതർ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ വ്യാജ പിസിസിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് യുവാവ് നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. മുൻപ്‌ കംപ്യൂട്ടറിൽ സേവ് ചെയ്ത സർട്ടിഫിക്കറ്റുകൾ പണം വാങ്ങിയ ശേഷം അക്ഷയയിലെത്തുന്ന ആവശ്യക്കാർക്ക് ഫോട്ടോഷോപ്പിലൂടെ ആവശ്യമായ മാറ്റം വരുത്തി നൽകിയുകയായിരുന്നു ഇവർ ചെയ്തിരുന്നത്.

ഇതിനുള്ള ഫീസ് ചിഞ്ചുദാസിന്‍റെ ബാങ്ക് അക്കൗണ്ടിലൂടെ വാങ്ങിയതായി പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിനു ശേഷം പല സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ ചിഞ്ചുദാസ് ഇതിനിടെ ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇവർക്കെതിരെ മറ്റ് പരാതികളൊന്നും വന്നിട്ടില്ലാത്തതിനാൽ സമാന രീതിയിൽ കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണ് പൊലീസ്.