രാജസ്ഥാന്‍ സ്വദേശി കാന്‍ഷി റാമും സുഹൃത്ത് മുഹമ്മദ് അക്തറും കൂട്ടരുമാണ് പാതയോരത്ത് കൗതുക കാഴ്ചകളും വിപണിയും പുനരാരംഭിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലേക്ക് തൊഴില്‍ തേടിയെത്തിയ സംഘത്തില്‍പ്പെട്ടവരാണ് ഇരുവരും. ഇവര്‍ക്കൊപ്പം അഞ്ച് കുടുംബങ്ങള്‍ കൂടിയുണ്ട് പുഴക്കല്‍ പാടത്തെ ചുരല്‍ക്കസേര നിര്‍മ്മാണത്തിലൂടെ ജീവിതം കഴിച്ചുകൂട്ടാന്‍

തൃശൂര്‍: പ്രളയം കവര്‍ന്ന തൃശൂര്‍ പുഴക്കല്‍ പാടയോരത്തെ ചൂരല്‍ക്കസേര വിപണി വീണ്ടും സജീവമാവുന്നു. കൈവിരല്‍ മാന്ത്രികതയുടെ വൈദഗ്ദ്യം പ്രകടമാക്കുന്ന 'ചൂരല്‍ക്കല'യുടെ ഉറവിടം കൂടിയാണ് പുഴയ്ക്കല്‍ പാതയോരം. ഒരു വീട്ടകം നിറക്കാനുള്ള പ്രകൃതിദത്തമായ, കരകൗശല വസ്തുക്കളടക്കമുള്ളവ ഇവിടെ കിട്ടും. വീടിന്റെ അകം മനോഹരമാക്കുന്ന ആകര്‍ഷകമായ മണ്ണിലും പ്ളാസ്റ്റര്‍ ഓഫ് പാരീസിലും കുപ്പികളിലും തീര്‍ത്ത ചിത്രകലാരൂപങ്ങള്‍.

രാജസ്ഥാന്‍ സ്വദേശി കാന്‍ഷി റാമും സുഹൃത്ത് മുഹമ്മദ് അക്തറും കൂട്ടരുമാണ് പാതയോരത്ത് കൗതുക കാഴ്ചകളും വിപണിയും പുനരാരംഭിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലേക്ക് തൊഴില്‍ തേടിയെത്തിയ സംഘത്തില്‍പ്പെട്ടവരാണ് ഇരുവരും. ഇവര്‍ക്കൊപ്പം അഞ്ച് കുടുംബങ്ങള്‍ കൂടിയുണ്ട് പുഴക്കല്‍ പാടത്തെ ചുരല്‍ക്കസേര നിര്‍മ്മാണത്തിലൂടെ ജീവിതം കഴിച്ചുകൂട്ടാന്‍. 

കേരളത്തെ ബാധിച്ച മഹാപ്രളയം ഇവരുടെ ജീവിതത്തിനെയും പിടിച്ചുലച്ചു. കനത്ത മഴയും വെള്ളവും ചൂരലും കരകൗശല വസ്തുക്കളുമെടുത്തു. ആകെ കുതിര്‍ന്ന ചൂരല്‍ വടികളില്‍ അധികവും ഉപയോഗശൂന്യമായിരുന്നു. വീണ്ടും പിരിച്ചെടുക്കുകയാണ് ജീവിതത്തിലേക്കുള്ള വീണ്ടെടുപ്പ്. 

തൃശൂര്‍-കോഴിക്കോട് റൂട്ടിലൂടെ ഒരു തവണ യാത്ര ചെയ്തവര്‍ ഇവരെ തേടിയെത്തുമത്രെ. ഒരുകാലത്ത് തൃശൂരിന്റെ നെല്ലറയായിരുന്ന പുഴക്കല്‍ പാടം ഇപ്പോള്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളാല്‍ നിറഞ്ഞു. ചിലയിടങ്ങളില്‍ അവശേഷിക്കുന്ന പച്ചപ്പ് ആസ്വദിക്കുന്നതോടൊപ്പം, ചൂരല്‍ക്കലയുടെ അത്ഭുതവും ആസ്വദിക്കാം. കനമേറിയ ചൂരലിനെ കീറിയെടുത്തും, വളച്ചും, കെട്ടിയുമുള്ള കാഴ്ച കണ്ട് നേരം പോകുന്നതറിയില്ല. 

അത്രമേല്‍ രസകരവും കൗതുകകരവും അത്ഭുതകരവുമാണ് ഇവരുടെ തൊഴില്‍ വൈദഗ്ദ്യം. കൂട്ടത്തിലെ ആറ് വയസുകാരനും കസേര നിര്‍മ്മാണത്തിന്റെ വശങ്ങള്‍ അറിയാം. നേരത്തെ ഉല്‍പ്പന്നങ്ങള്‍ ഏറെയുണ്ടാക്കിയിരുന്നു. ആളുകളെ ആകര്‍ഷിക്കാന്‍ കൂടുതല്‍ ഉണ്ടാക്കി വെക്കണം. വന്‍തോതില്‍ ചൂരല്‍ കൊണ്ടു വരേണ്ടി വരുന്നത് സാമ്പത്തിക പ്രയാസമായതിനാല്‍ ഇത് കുറച്ചു. ഇപ്പോള്‍ ആവശ്യത്തിന് മാത്രമേ ഉണ്ടാക്കൂ. 

സൂക്ഷിക്കാന്‍ സമീപത്തെ ടാര്‍പായ കെട്ടി മറച്ച പരിമിത സൗകര്യം മാത്രമായതിനാല്‍ അധികം ഉണ്ടാക്കി വെക്കില്ല. ചില സമയങ്ങളില്‍ ഷോപ്പുകളില്‍ നിന്നുള്ള ഓര്‍ഡറുകള്‍ ലഭിക്കുമ്പോള്‍ അതിന് വേണ്ടി മാത്രമാണ് കൂടുതല്‍ ഉണ്ടാക്കുന്നത്. തൃശൂര്‍ അടക്കമുള്ള സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നും കസേര നെയ്ത്തിനുള്ള ചൂരലും, ഈറ്റയുമെല്ലാം എത്തിക്കുന്നവരുണ്ട്. അവര്‍ മുഖേനയാണ് ചൂരല്‍ കൊണ്ടു വരുന്നത്. 

500 രൂപ മുതല്‍ അയ്യായിരം രൂപ വരെ വിലവരുന്ന സ്റ്റൂളും, കസേരയും, കട്ടിലുമെല്ലാം ഇവിടെയുണ്ടാക്കുന്നുണ്ട്. ഇവരുടെ സംഘാംഗങ്ങള്‍ സംസ്ഥാനത്തിന്റെ തന്നെ വിവിധ മേഖലകളില്‍ ചൂരല്‍ ഇരിപ്പിടങ്ങളുണ്ടാക്കുന്ന തൊഴിലുമായി ഉണ്ട്. രാവിലെ തുടങ്ങുന്ന തൊഴില്‍ വൈകുന്നേരം വരെയും തുടരുന്നു. ഇതര സംസ്ഥാനക്കാരെ കുറിച്ചുള്ള ആക്ഷേപങ്ങള്‍ക്കിടയിലും കേരളം പ്രിയങ്കരമാണെന്ന അഭിപ്രായമാണ് കാന്‍ഷിറാമിനും മുഹമ്മദിനും ഇവരുടെ കുടുംബങ്ങള്‍ക്കുമുള്ളത്.

ചൂരല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനൊപ്പം, ഒരിക്കല്‍ നാട്ടില്‍ പോയപ്പോഴാണ് മണ്ണിലും, പ്ലാസ്റ്റര്‍ ഓഫ് പാരീസിലും, കുപ്പികളിലും തീര്‍ത്ത കലാരൂപങ്ങളുടെ വിപണിയെ കുറിച്ച് ആലോചിച്ചത്. കയ്യിലെടുക്കാവുന്നവ എത്തിച്ചു. അതിന് ആവശ്യക്കാരുണ്ടായതോടെ കൂടുതല്‍ എത്തിച്ചു. ഇതിനും ആവശ്യക്കാര്‍ ഏറെയുണ്ടെന്ന് ഇവര്‍ പറയുന്നു.