കൊച്ചി വൈറ്റില മെട്രോ സ്റ്റേഷനിൽ ബിവറേജസ് കോർപ്പറേഷന്‍റെ ആദ്യ പ്രീമിയം മദ്യ വില്പനശാലയായ 'ഹൈ സ്പിരിറ്റ്‌സ് - എ ബെവ്‌കോ ബൊട്ടീക്' പ്രവർത്തനം ആരംഭിച്ചു. പ്രീമിയം ഉപഭോക്താക്കളെ ലക്ഷ്യമിടുന്ന ഈ ഔട്ട്‌ലെറ്റിനെതിരെ കെസിബിസി മദ്യ വിരുദ്ധ സമിതി പ്രതിഷേധം.
കൊച്ചി: പ്രീമിയം മദ്യം തേടുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് വൈറ്റില മെട്രോ സ്റ്റേഷനിൽ സംസ്ഥാന ബിവറേജസ് കോർപ്പറേഷന്‍റെ (ബെവ്‌കോ) ആദ്യ പ്രീമിയം ഔട്ട്‌ലെറ്റ് പ്രവർത്തനം ആരംഭിച്ചു. 'ഹൈ സ്പിരിറ്റ്‌സ് - എ ബെവ്‌കോ ബൊട്ടീക്' എന്ന പേരിലുള്ള ഔട്ട്‌ലെറ്റ് കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്തു. രാജ്യാന്തര നിലവാരത്തിലുള്ള പ്രീമിയം മദ്യ വില്പന കേന്ദ്രം മെട്രോ സ്റ്റേഷനിൽ ആരംഭിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യ കുപ്പി വാങ്ങിയതും ലോക്നാഥ് ബെഹ്റ തന്നെയാണ്. വാങ്ങിയ ഒരു കുപ്പി വിസ്കി അദ്ദേഹം ഉദ്ഘാടനത്തിന്‍റെ ഭാഗമായി എക്‌സൈസ് കമ്മീഷണർ എം ആർ അജിത് കുമാറിന് നൽകി. പ്രീമിയം വിഭാഗത്തിലെ വിവിധ ബ്രാൻഡുകൾ ഉൾപ്പെടെ ഏകദേശം 7000 കേസുകൾ മദ്യമാണ് പുതിയ ഔട്ട്‌ലെറ്റിൽ സ്റ്റോക്ക് ചെയ്തിരിക്കുന്നത്. നഗരത്തിലെ ഉയർന്ന വരുമാന വിഭാഗം, ഐടി മേഖലയിലെ തൊഴിലാളികൾ, വിദേശത്ത് നിന്ന് വരുന്ന യാത്രക്കാർ എന്നിവരെ ലക്ഷ്യമിട്ടാണ് ഔട്ട്‌ലെറ്റ് രൂപകല്പന ചെയ്തതെന്ന് അധികൃതർ അറിയിച്ചു.
മെട്രോ സ്റ്റേഷനിൽ ഔട്ട്‌ലെറ്റ് പ്രവർത്തിക്കുന്നുവെങ്കിലും തുറക്കാത്ത (സീൽ പൊട്ടിക്കാത്ത) മദ്യ കുപ്പികൾ മാത്രമേ മെട്രോയിലൂടെ കൊണ്ടുപോകാൻ അനുവദിക്കൂ എന്ന വ്യവസ്ഥ നിലവിലുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക നിരീക്ഷണ സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ടെന്നാണ് കെഎംആർഎൽ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് വൈറ്റിലയും തൃപ്പൂണിത്തുറ വടക്കേക്കോട്ട മെട്രോ സ്റ്റേഷനുകളും ഉൾപ്പെടുത്തി ഔട്ട്‌ലെറ്റുകൾ ആരംഭിക്കാൻ കെഎംആർഎല്ലും ബെവ്‌കോയും തമ്മിൽ ധാരണയായത്.
പ്രതിഷേധം
നഗര ഗതാഗത കേന്ദ്രങ്ങളെ വാണിജ്യ ഹബ്ബുകളാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിലയിരുത്തൽ. അതേസമയം, വൈറ്റില മെട്രോ സ്റ്റേഷനിലെ ബെവ്‌കോ ഔട്ട്‌ലെറ്റിനെതിരെ കെസിബിസി മദ്യ വിരുദ്ധ സമിതി രംഗത്തെത്തി. റെയിൽവേ ചട്ടങ്ങൾക്ക് വിരുദ്ധമായാണ് മദ്യശാല പ്രവർത്തിക്കുന്നതെന്നാരോപിച്ച് അവർ പ്രതിഷേധം ഉയർത്തി. തൃപ്പൂണിത്തുറ വടക്കേക്കോട്ടയിലും സമാന ഔട്ട്‌ലെറ്റ് ആരംഭിക്കാനുള്ള നീക്കങ്ങൾ തുടരുന്നതിനിടെയാണ് പുതിയ വിവാദം ഉയരുന്നത്.


