മാനവീയം വീഥിയിൽ വീണ്ടും സംഘർഷം;പൊലീസിന് നേർക്ക് കല്ലേറ്, ഒരാൾക്ക് പരിക്ക്; 4 പേർ കസ്റ്റഡിയിൽ
പൊലീസിന് നേരെയുണ്ടായ കല്ലേറിൽ ഒരാൾക്ക് പരിക്കേറ്റു. നെട്ടയം സ്വദേശി രാജിക്ക് ആണ് കല്ലേറിൽ പരിക്കേറ്റത്.
തിരുവനന്തപുരം: തിരുവനന്തപുരത്തെ മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. പൊലീസിന് നേരെയുണ്ടായ കല്ലേറിൽ ഒരാൾക്ക് പരിക്കേറ്റു. നെട്ടയം സ്വദേശി രാജിക്ക് ആണ് കല്ലേറിൽ പരിക്കേറ്റത്. പൊലീസിനെ കല്ലെറിഞ്ഞ ജയപ്രസാദ് എന്നയാള്‍ ഉൾപ്പെടെ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചഭാഷിണി ഉപയോഗം രാത്രി 12 മണിക്ക് പൊലിസ് നിർത്തിവെച്ചിരുന്നു. ഇതിന് പിന്നാലെ ഡാൻസ് കളിച്ച മദ്യപസംഘം കസേരകൾ തല്ലിത്തകർത്തു. പിന്നാലെയാണ് പൊലീസിന് നേരെ കല്ലെറിഞ്ഞത്. പൊലീസിനെ എറിഞ്ഞ കല്ല് തലയിൽ വീണാണ് നെട്ടയം സ്വദേശിയായ സ്ത്രീക്ക് പരിക്കേറ്റത്.
കഴിഞ്ഞ ദിവസവും മാനവീയം വീഥിയിൽ കൂട്ടയടി നടന്നിരുന്നു. സംഘർഷത്തെ തുടർന്ന് നൈറ്റ് ലൈഫിൽ പരിശോധന കടുപ്പിക്കാനുള്ള തീരുമാനത്തിലായിരുന്നു പൊലീസ്. റോഡിന്റെ രണ്ട് വശത്തും ബാരിക്കേഡ് സ്ഥാപിക്കും. ഡ്രഗ് കിറ്റ് കൊണ്ടുഉള പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു. സംശയമുളളവരെ മാത്രമാകും കിറ്റ് ഉപയോഗിച്ചുള്ള പരിശോധന നടത്തുകയെന്നും എല്ലാവരെയും പരിശോധിക്കില്ലെന്നും പൊലീസ് അറിയിച്ചിരുന്നു.
രാത്രി 11മണിക്ക് ശേഷം രണ്ട് വാഹനങ്ങളിൽ ദ്രുതകർമ്മ സേനയെ നിയോഗിക്കും. സംഘർഷമുണ്ടായാൽ പരാതിയില്ലെങ്കിലും കേസെടുക്കും. മാനവീയം വീഥിയിൽ കൂടുതൽ സിസിടിവികൾ സ്ഥാപിക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, നൈറ്റ് ലൈഫിൽ പൊലീസിന്റെ അനാവശ്യ ഇടപെടൽ ഉണ്ടാകരുതെന്ന് കമ്മീഷണർ നിർദ്ദേശം നൽകി.