രണ്ട് പേർ തമ്മിലുള്ള തർക്കം അയൽവാസികളും ബന്ധുക്കളും ഏറ്റെടുത്തു; തടയാനെത്തിയ ആളിന് വെട്ടേറ്റു, ഒരാൾ പിടിയിൽ
സംഘർഷത്തിനിടെ പുറത്ത് വെട്ടേറ്റ അനിൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ആലപ്പുഴ: ചെന്നിത്തലയിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കം അക്രമത്തിൽ കലാശിച്ചതോടെ തടയാൻ എത്തിയയാൾക്ക് വെട്ടേറ്റു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ചെന്നിത്തല കിഴക്കേവഴി കല്ലംപറമ്പിൽ അനിലിനാണ് (42) വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളായ ചെന്നിത്തല പണിക്കന്റയ്യത്ത് മണിക്കുട്ടനെ (57) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു.
ചെന്നിത്തല കിഴക്കേ വഴി ലക്ഷംവീട് നഗറിന് സമീപം ഇന്ന് വൈകിട്ടാണ് സംഭവം. പണിക്കന്റയ്യത്ത് സജുവും അയൽവാസി ജ്യോതിഷും തമ്മിലുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. സജുവിന്റെ വീട്ടിൽ എത്തിയ ജ്യോതിഷും സജുവും തമ്മിൽ തർക്കമുണ്ടായപ്പോൾ അയൽവാസികളായ ബന്ധുക്കൾ ഇടപെടുകയും ഇതിനിടെ തടയാൻ എത്തിയ അനിലിന് വെട്ടേൽക്കുകയുമായിരുന്നു. പുറത്ത് വെട്ടേറ്റ അനിൽ നിലവിൽ വണ്ടാനം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
പ്രതിപ്പട്ടികയിൽ ഉള്ള ആറു പേരെ ഇനിയും പിടികിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. മാന്നാർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അഭിലാഷ് എം.സി, സബ് ഇൻസ്പെക്ടർ അഭിരാം സിഎസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സാജിദ്, മനേക്ഷ്, സിവിൽ പൊലീസ് ഓഫീസർ ഹരിപ്രസാദ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
