നഗരസഭയിലെ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനം യുഡിഎഫിന് നഷ്ടമായതുൾപ്പെടെയുള്ള വിഷയങ്ങളാണ് പ്രശ്നം രൂക്ഷമാക്കിയത്.  

പത്തനംതിട്ട: യുഡിഎഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ പൊട്ടിത്തെറി. കേരളാ കോൺഗ്രസ്സ് ജോസ് കെ മാണി വിഭാഗം, മുസ്ലീം ലീഗ്, ആർഎസ്‍പി തുടങ്ങിയ കക്ഷികൾ യുഡിഎഫ് ജില്ലാ കമ്മിറ്റി ബഹിഷ്കരിച്ചു. നഗരസഭയിലെ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനം യുഡിഎഫിന് നഷ്ടമായതുൾപ്പെടെയുള്ള വിഷയങ്ങളാണ് പ്രശ്നം രൂക്ഷമാക്കിയത്. 

കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ അംഗം ദീപു ഉമ്മൻ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നതാണ് പത്തനംതിട്ട നഗരസഭാ വിദ്യഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനം യുഡിഎഫിന് നഷ്ടമാകാൻ കാരണം. ജോസഫ് പക്ഷം ജില്ലാ പ്രസിഡന്‍റ് ആയ വിക്ടർ ടി തോമസ് ആണ് യുഡിഎഫ് ജില്ലാ ചെയർമാൻ. ഇടത് പക്ഷത്തെ സഹായിക്കുന്നതാണ് യുഡിഎഫ് ജില്ലാ ചെയർമാന്‍റെ സമീപനമെന്നാണ് ജോസ് കെ മാണി പക്ഷത്തിന്‍റെ ആരോപണം.

ദീപു ഉമ്മനെ യുഡിഎഫ് ആറന്മുള മണ്ഡലം കമ്മിറ്റിയിൽ തുടരാൻ അനുവദിച്ചതാണ് മറ്റ് ഘടക കക്ഷികളില്‍ അതൃപ്തിക്ക് ഇടയാക്കിയത്. എന്നാൽ ബഹിഷ്‍കരിച്ചവരുടെ വാദം തള്ളുകയാണ് വിക്ടർ ടി തോമസ് പക്ഷം. പി ജെ ജോസഫിന്‍റെ വിപ്പ് കിട്ടാത്തതാണ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ കാരണമെന്ന് ജോസഫ് പക്ഷം വ്യക്തമാക്കുന്നത്. അനുനയ നീക്കം പാളിയതോടെ തീരുമാനമെടുക്കാൻ കഴിയാതെ യോഗം പിരിഞ്ഞു.

Read Also: ജോസ്-ജോസഫ് തർക്കം: പത്തനംതിട്ടയിൽ യുഡിഎഫിന് സ്റ്റാന്റിംഗ് കമ്മിറ്റി നഷ്ടം