ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു മൂന്നേകാലോടെയായിരുന്നു അപകടം. കുളിക്കുന്നതിനിടെ കുട്ടികള്‍ ചുഴിയില്‍ അകപ്പെടുകയായിരുന്നു.  

സുല്‍ത്താന്‍ ബത്തേരി: നെന്മേനി ഗോവിന്ദമൂല ചിറയില്‍ മുങ്ങിമരിച്ച ബത്തേരി സര്‍വ്വജന സ്‌കൂള്‍ വിദ്യാര്‍ഥികളായ അശ്വന്ത്, അശ്വിന്‍ എന്നിവരുടെ മൃതദേഹം സംസ്കരിച്ചു. ഉച്ചക്ക് രണ്ട് മണിയോടെയാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ കഴിഞ്ഞ് ഇരുവരുടെയും മൃതദേഹങ്ങള്‍ വിദ്യാലയമുറ്റത്തെത്തിച്ചത്.മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ഹൃദയഭേദകമായ രംഗങ്ങള്‍ക്ക് സ്‌കൂളും പരിസരവും സാക്ഷിയായത്.

പൊതുദര്‍ശനത്തിനും മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ തങ്ങളുടെ സഹപാഠികളെ അവസാനമായി കാണാന്‍ കൂട്ടുകാരടക്കമുള്ളവര്‍ സ്‌കൂള്‍ മുറ്റത്തെത്തിയിരുന്നു. ശക്തമായ മഴയായിരുന്നെങ്കിലും അതെല്ലാം അവഗണിച്ചാണ് വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരുമൊക്കെ കുട്ടികളെ ഒരു നോക്ക് കാണാനായി കാത്തിരുന്നത്. പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരം കണ്ട് കൂട്ടുകാര്‍ വിങ്ങിപ്പൊട്ടി. സമൂഹത്തിലെ നാനാതുറയില്‍പ്പെട്ടവര്‍ അശ്വന്തിനും അശ്വിനും അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.

ചൊവ്വാഴ്ചയാണ് ചിറയില്‍ കുളിക്കുന്നതിനിടെ ചീരാല്‍ വെള്ളച്ചാല്‍ കുറിച്ചിയാട് ശ്രീധരന്റെ മകന്‍ അശ്വന്ത്(17), കുപ്പാടി കുറ്റിലക്കാട്ട് സുരേഷ് ബാബുവിന്റെ മകന്‍ അശ്വിന്‍(19) എന്നിവര്‍ മുങ്ങി മരിച്ചത്. ബത്തേരി സര്‍വജന സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ് ഇരുവരും. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു മൂന്നേകാലോടെയായിരുന്നു അപകടം. കുളിക്കുന്നതിനിടെ കുട്ടികള്‍ ചുഴിയില്‍ അകപ്പെടുകയായിരുന്നുവെന്നാണ് നിഗമനം. കൂട്ടുകാര്‍ അപകടത്തില്‍പ്പെട്ടത് കണ്ട് ഇവരെ രക്ഷിക്കാനായി കരയിലുണ്ടായിരുന്ന കൂട്ടുകാരന്‍ പ്രണവ് ബെല്‍റ്റ് ഊരി ഇരുവര്‍ക്കും നേരെ നീട്ടിയെങ്കിലും കുട്ടികള്‍ക്ക് അതില്‍ പിടിക്കാനായില്ല.

ഉടന്‍ തന്നെ സമീപത്തുള്ളവരെ വിളിച്ചു കൊണ്ടുവന്നശേഷം വെള്ളത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. പിന്നീട് ബത്തേരിയില്‍ നിന്നും അഗ്‌നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി. അഗ്‌നിരക്ഷാ സേനയിലെ സ്‌കൂബാ ടീമിന്റെ തിരച്ചിലിലാണ് രണ്ടു വിദ്യാര്‍ഥികളെയും അവശനിലയില്‍ കണ്ടെടുത്തത്. കുട്ടികളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.