നിങ്ങൾക്കിന്ന് ദുർദിനമാണല്ലോയെന്നാണ് പിണറായി പൊതുവേദിയില്‍ പരിഹസിച്ചത്. വലിയ അഴീക്കൽ പാലത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ ചെന്നിത്തലയെ വേദിയിൽ ഇരുത്തി ആയിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം

നിയമസഭ തെരഞ്ഞെടുപ്പുകളിലെ (Assembly Election) തോൽവിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെയും (Ramesh Chennithala) കോൺഗ്രസിനെയും കളിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan). നിങ്ങൾക്കിന്ന് ദുർദിനമാണല്ലോയെന്നാണ് പിണറായി പൊതുവേദിയില്‍ പരിഹസിച്ചത്. വലിയ അഴീക്കൽ പാലത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ ചെന്നിത്തലയെ വേദിയിൽ ഇരുത്തി ആയിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. പാലം തുറന്ന ഈ ദിനം തന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിനമെന്ന് സ്വാഗത പ്രസംഗത്തിൽ ചെന്നിത്തല പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് (Assembly Election Result 2022) നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും വന്‍ തേരോട്ടം നടത്തി ചോദ്യം ചെയ്യപ്പെടാനാവാത്ത ശക്തിയായി ബിജെപി (BJP) മാറുകയാണ്. പഞ്ചാബ് പൂര്‍ണമായി കൈ വിട്ടപ്പോള്‍ ഗോവയിലും കോണ്‍ഗ്രസ് നില പരുങ്ങലിലാണ്. 

ആലപ്പുഴക്കാരുടെ (Alappuzha) ചിരകാല സ്വപ്നമായ വലിയഴീക്കൽ പാലമാണ് യാഥാര്‍ത്ഥ്യമായത്. തീരദേശ ഹൈവേയുടെ ഭാ​ഗമാണ് വലിയഴീക്കൽ പാലം. ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിലെ തീരദേശ മേഖലയായ വലിയഴീക്കലിനെയും കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലെ അഴീക്കലിനെയും തമ്മില് ബന്ധിപ്പിക്കുന്നതാണ് പാലം. ഇതോടെ ഇരു ജില്ലകളിലുള്ളവ‍ർക്കും യാത്രയിൽ 25 കിലോമീറ്റ‍ർ ദൂരം കുറയും. അറബിക്കടലിൻ്റെ പൊഴിമുഖത്തിന് കുറുകെയാണ് പാലം നിർമ്മിച്ചിരിക്കുന്നത്. 2016ലാണ് പാലം നി‍ർമ്മാണം ആരംഭിച്ചത്. 

139.35 രൂപ ചെലവിൽ നി‍ർമ്മിച്ച പാലത്തിന് 981 മീറ്റർ നീളമുണ്ട്. അനുബന്ധപാത കൂടി ചേ‍ർത്താൽ നീളം 1.216 കി.മീ ആകും. ബോ സ്ട്രിങ്ങ് ആർച്ച് മാതൃകയിൽ തീർത്ത മൂന്ന് ആർച്ച് സ്പാനുകള്‍ക്ക് 110 മീറ്റർ നീളമുണ്ട്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ഒന്നാണ് ഈ ആ‍ർച്ച് സ്പാനുകൾ. ആകെ 29 സ്പാനുകളാണ് പാലത്തിലുള്ളത്. ചെറിയ കപ്പലുകളും ബാർജുകളും അടിയിലൂടെ കടന്നു പോകത്തക്ക വിധത്തിലാണ് പാലത്തിന്റെ നി‍ർമ്മാണം. ബി.എം.സി നിലവാരത്തിലാണ് അപ്രോച്ച് റോഡുകൾ നിർമ്മിച്ചിരിക്കുന്നത്.

മാക് അലോയ് ടെൻഷൻ റോഡ് ഉപയോഗിച്ചാണ് വാഹനങ്ങളുടേയും ഡക്ക് സ്ലാബിൻ്റേയും ഭാരം ആർച്ചുകളിലേയ്ക്ക് നൽകുന്നത്. ഇത് ഇംഗ്ലണ്ടിൽ നിന്നും ഇറക്കുമതി ചെയ്തു. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് പാലം നിര്‍മ്മിച്ചത്. പാലത്തിലുടനീളം 1.5 കോടി രൂപ ചെലവിൽ സോളാർ ലാമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്തെ പ്രമുഖ സ്റ്റ്രക്‌ചറൽ എൻജിനീയർമാരിൽ ഒരാളായ ഡോ. പി.കെ. അരവിന്ദനാണ് പാലം രൂപകല്പന ചെയ്തത്. ഐഐറ്റി മദ്രാസിൽ അയച്ച് പ്ലാൻ പ്രൂഫ് ചെക്ക് ചെയ്തശേഷമാണ് നി‍ർമ്മാണം ആരംഭിച്ചത്.

ഏഷ്യയിൽ ഏറ്റവും നീളമുള്ള ടെൻഷൻ സ്റ്റീൽ ബാർ കോൺക്രീറ്റ് ബോ സ്റ്റ്രിങ് പാലമാണ് ഇത്. ചൈനയിലെ 1741 മീറ്റർ നീളമുള്ള ഷാവോതിയാൻമെൻ പാലം കഴിഞ്ഞാൽ ഏഷ്യയിലെ ഏറ്റവും നീളം നീളം‌കൂടിയ രണ്ടാമത്തെ ബോസ്റ്റ്രിങ് പാലവും വലിയഴീക്കലിലേതാണ്. അതേസമയം തെക്കനേഷ്യയിലെ ഒന്നാമത്തെതും വലിയഴീക്കൽ തന്നെ. അതേസമയം ആലപ്പുഴ കൊല്ലം ജില്ലകളിലെ ടൂറിസം വികനസത്തിനുള്ള സാധ്യത കൂടി വലിയഴീക്കൽ പാലം തുറന്നിടുന്നുണ്ട്.