കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ടോഗോ സ്വദേശിനിയിൽ നിന്ന് പിടികൂടിയത് 40 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ ആണെന്ന് കസ്റ്റംസ് സ്ഥിരീകരിച്ചു. ദില്ലിയിലേക്ക് കടത്താൻ ശ്രമിച്ച 4 കിലോ മയക്കുമരുന്ന് ബാഗിലെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശ വനിതയിൽ നിന്ന് പിടികൂടിയ മയക്ക് മരുന്ന് കോടികൾ വില വരുന്ന കൊക്കെയ്ൻ ആണെന്ന് കണ്ടത്തി. ജനുവരി 26നാണ് ഖത്തർ എയർവേയ്‌സ് വിമാനത്തിൽ ദോഹ വഴി എത്തിയ ടോഗ സ്വദേശിനി ഔറോ അഗോറോ ലാറ്റിഫാദോ(44) നാല് കിലോ മയക്ക് മരുന്നുമായി വിമാനത്താവളത്തിൽ പിടിയിലായത്. വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് അടുത്തിടെ നടത്തിയിട്ടുള്ളതിൽ ഏറ്റവും വലിയ മയക്ക് മരുന്ന് വേട്ടയാണിത്.
ഇവരുടെ കൈവശമുണ്ടായിരുന്നത് മെതാക്വലോൺ ആണെന്നായിരുന്നു പ്രാഥമിക നിഗമനം. വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് ഇവയുടെ സാംപിൾ വിശദമായ പരിശോധനയ്ക്ക് ലാബിലേക്ക് അയച്ചിരുന്നു. പരിശോധനയിൽ ഇത് കൊക്കെയ്ൻ ആണെന്ന് കണ്ടെത്തുകയും ചെയ്തു. അന്താരാഷ്ട്ര വിപണിയിൽ ഈ കൊക്കെയ്‌ന് 40 കോടിയോളം രൂപ വില വരുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മയക്ക് മരുന്നുമായി എത്തിയ വിദേശ വനിത ജയിലിൽ കഴിയുകയാണ്. ഇവർ കടത്തി കൊണ്ട് വന്നത് കൊക്കെയ്നാണെന്ന് കണ്ടെത്തിയതിനാൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഇവരെ കസ്റ്റംസ് കസ്റ്റഡിയിൽ വാങ്ങും. ദില്ലിയിലേക്കെത്തിക്കുന്നതിനിടെയാണ് കൊച്ചി വിമാനത്താവളത്തിൽ പിടികൂടിയത്. സിയാൽ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ ഇവരുടെ ബാഗേജ് പരിശോധിച്ചപ്പോഴാണ് മയക്ക് മരുന്ന് കണ്ടെത്തിയത്. ബാഗിന്റെ അടിഭാഗത്ത് പ്രത്യേകം അറയുണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്ന മയക്ക് മരുന്ന്.


