ചകിരിക്കൂനയുടെ ഉള്ളിലേക്ക് തീ പടർന്നതിനാൽ അഞ്ച് മണിക്കൂറോളം പരിശ്രമിച്ചിട്ടാണ് തീ കുറെയെങ്കിലും അണക്കാൻ കഴിഞ്ഞത്. 

ഹരിപ്പാട് : കയർ ഫാക്ടറിക്ക് സമീപം നിക്ഷേപിച്ച ചകിരിയുടെ മാലിന്യ കൂമ്പാരത്തിൽ വൻ തീപിടുത്തം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. മണിക്കൂറുകൾ പരിശ്രമിച്ചാണ് തീ കെടുത്തിയത്. ആറാട്ടുപുഴ പത്തിശേരി ജംഗ്ഷന് കിഴക്ക് ജെട്ടി ഭാഗത്ത് കായൽ തീരത്ത് പ്രവർത്തിക്കുന്ന ആറാട്ടുപുഴ നെടുംതറയിൽ ഷാജഹാന്റെ ഉടമസ്ഥതയിലുള്ള സീസൺ കയർ ഫാക്ടറിയിൽ നിന്നും പുറന്തള്ളിയ ചകിരിയുടെ വൻ കൂമ്പാരത്തിലാണ് വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ തീ പടർന്നു പിടിക്കുന്നതായി ഫാക്ടറിയിലെ തൊഴിലാളികൾ കണ്ടത്. 

തൊഴിലാളികളും നാട്ടുകാരും ചേർന്ന് തൊട്ടടുത്തുള്ള കായലിൽ നിന്നും വെള്ളമൊഴിച്ചു തീ കെടുത്താൻ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. എന്നാൽ തൊട്ടടുത്തുള്ള ഫാക്ടറിയിലേക്കും വീടുകളിലേക്കും തീ പടരുന്നത് ഇവരുടെ സംയോജിതമായ ഇടപെടൽ മൂലം തടയാൻ കഴിഞ്ഞു. അഗ്നി രക്ഷാസേന അറിയിച്ചതിനെ തുടർന്ന് കായംകുളത്ത് നിന്നും ഹരിപ്പാട് നിന്നും നാല് യൂനിറ്റ് എത്തി. അഗ്നി രക്ഷാ സേനയോടൊപ്പം നാട്ടുകാരും തൊഴിലാളികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ചകിരിക്കൂനയുടെ ഉള്ളിലേക്ക് തീ പടർന്നതിനാൽ അഞ്ച് മണിക്കൂറോളം പരിശ്രമിച്ചിട്ടാണ് തീ കുറെയെങ്കിലും അണക്കാൻ കഴിഞ്ഞത്. 

രണ്ട് മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് ചകിരി നീക്കി ഉള്ളിലേക്ക് വെള്ളം ഒഴിച്ച് കൊടുത്താണ് തീ ആളിപ്പടരുന്നത് കുറക്കാൻ കഴിഞ്ഞത്. തൊട്ടടുത്ത് കായൽ ഉണ്ടായതിനാൽ ഫയർ ഫോഴ്സിന് വെള്ളം ശേഖരിക്കാൻ ബുദ്ധിമുട്ടേണ്ടി വന്നില്ല. അപകടാവസ്ഥ ഒഴിവാക്കിയതിന് ശേഷം അഗ്നിരക്ഷാസേന മടങ്ങിയെങ്കിലും തീ പുകഞ്ഞുകൊണ്ടിരുന്നു. ശേഷവും മോട്ടോറുകൾ സ്ഥാപിച്ച് കായലിൽ നിന്നും പമ്പ് ചെയ്യുന്നത് രാത്രി വരെ തുടർന്നു. മൂന്നാമത്തെ തവണയാണ് ചകിരിക്കൂനക്ക് പിടിക്കുന്നത്.

 കായംകുളം നിലയത്തിൽ നിന്നും സിനിയർഫയർ ആന്റ് റെസ്കൂ ഓഫീസർ വിമൽ കുമാർ ഹരിപ്പാട് അഗ്നിശമനസേനയിലെ അസിസ്റ്റന്റ് ഫയർ സ്റ്റേഷൻ ഓഫീസർ ദിലീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടന്നത്. ഫയർ ഓഫീസർമാരായ വിപിൻകുമാർ, രാജഗോപാൽ വിശാഖ്, ശ്യാംകുമാർ, രൻജീഷ്, സന്തോഷ് കുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. തീപ്പിടുത്തത്തിൽ മറ്റ് നാശനഷ്ടങ്ങൾ ഒന്നും തന്നെ ഉണ്ടായില്ലെന്ന് ഫാക്ടറി ഉടമ ഷാജഹാൻ നെടുന്തറയിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...