കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ കിണർ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. വാട്ടർ അതോറിറ്റി കണക്ഷൻ വിച്ഛേദിച്ചതിനാലും കിണർ വെള്ളം ഉപയോഗിക്കാൻ കഴിയാത്തതിനാലും വനിതാ ജീവനക്കാർ ഉൾപ്പെടെയുള്ളവർ കടുത്ത ദുരിതത്തിലാണ്.

കൊല്ലം: കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ കിണർ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. സ്റ്റാൻഡിലെ കുടിവെള്ള സംഭരണിയിൽ എലി ചത്തുകിടന്നതിനെ തുടർന്ന് ഒരു മാസം മുമ്പ് ടാങ്കും കിണറും വൃത്തിയാക്കിയിരുന്നു. തുടർന്ന് വെള്ളം പരിശോധന നടത്തിയപ്പോഴാണ് കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഈ വെള്ളം ഉപയോഗിക്കാൻ പാടില്ല എന്ന് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം വന്നതോടെ പ്രാഥമികആവശ്യങ്ങൾക്കു പോലും വെള്ളമില്ലാതെ വനിതാ ജീവനക്കാർ അടക്കം വലയുകയാണ്.

വാട്ടർ അതോറിറ്റിയിൽ അടയ്ക്കേണ്ട മൂന്ന് ലക്ഷം രൂപ കുടിശ്ശികയായതോടെ വാട്ടർ അതോറിറ്റി ഡിപ്പോയില കണക്ഷൻ വിച്ഛേദിച്ചിരുന്നു. ജീവനക്കാരുടെ ദുരിതാവസ്ഥ മനസ്സിലാക്കി കോർപ്പറേഷൻ സൗജന്യമായി വെള്ളം എത്തിച്ചു നൽകിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് വന്നതോടെ ഈ സഹായവും നിലച്ചു 10 ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കാമെന്ന എടിഒ യുടെ വാക്കും പാഴ്വാക്കായി. ആഹാരം കഴിച്ചതിനുശേഷം കൈകഴുകുന്നതിനുപോലും വില കൊടുത്തു വെള്ളം വാങ്ങേണ്ട അവസ്ഥയാണ്. ആകെ ആശ്രയമായിരുന്ന കിണർ വെള്ളം കൂടി ലഭിക്കാതായതിനാൽ എന്തുചെയ്യണമെന്നറിയാതെ വലയുകയാണ് ജീവനക്കാർ.