Asianet News MalayalamAsianet News Malayalam

കൈ പിടിച്ചു നൽകാൻ കളക്ടർ, ആശീർവാദവുമായി മന്ത്രി;ആഘോഷമായി 'സർക്കാരിന്റെ മകളുടെ 'വിവാഹം

സർക്കാരിനു കീഴിലുള്ള  ആഫ്റ്റർ കെയർ ഹോമിലെ അന്തേവാസിയായ ഷക്കീലയുടെ വിവാഹത്തിനാണ് വധുവിന്റെ അച്ഛന്റെ സ്ഥാനത്ത് ജില്ലാ കളക്ടർ എത്തിയത്

collector does kanyadan for girl who was in states protesction for last 18 years in kollam
Author
Kollam, First Published Aug 31, 2021, 6:46 AM IST

കൊല്ലം പനമൂട് ദേവീക്ഷേത്രത്തിൽ ഇന്ന് നടന്ന വിവാഹ ചടങ്ങിൽ പെൺകുട്ടിയുടെ അച്ഛന്റെ സ്ഥാനത്ത് നിന്ന് എല്ലാം ചെയ്തത് ജില്ലാ കളക്ടർ ബി.അബ്ദുൽ നാസറായിരുന്നു. ചടങ്ങുകളുടെ മേൽനോട്ടം മുതൽ പെൺകുട്ടിയുടെ കൈ പിടിച്ചു നൽകിയതു വരെ കളക്ടർ. സർക്കാരിനു കീഴിലുള്ള  ആഫ്റ്റർ കെയർ ഹോമിലെ അന്തേവാസിയായ ഷക്കീലയുടെ വിവാഹത്തിനാണ് വധുവിന്റെ അച്ഛന്റെ സ്ഥാനത്ത് ജില്ലാ കളക്ടർ എത്തിയത്. വെള്ളിമൺ സ്വദേശി വിധുരാജായിരുന്നു വരൻ.

തീരെ ചെറുപ്പത്തിലെ മാതാപിതാക്കളെ നഷ്ടപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ പതിനെട്ടു വർഷത്തിലേറെയായി വനിതാ ശിശു വികസന വകുപ്പിന്റെ സംരക്ഷണത്തിലായിരുന്നു ഷക്കീല.  പതിനെട്ടു വയസു പൂർത്തിയായതോടെ കൊല്ലത്തെ ആഫ്റ്റർ കെയർ ഹോമിലേക്ക് മാറ്റി. ഇപ്പോഴിതാ വിവാഹവും സർക്കാരിന്റെ മേൽനോട്ടത്തിൽ തന്നെ നടന്നു. വധു വരൻമാരെ  ആശിർവദിക്കാൻ മന്ത്രി ജെ. ചിഞ്ചുറാണിയും , എൻ.കെ.പ്രേമചന്ദ്രൻ എംപിയും , എം. നൗഷാദ് എം എൽ എയും എത്തി. അബ്ദുൽ നാസർ കൊല്ലം ജില്ലാ കലക്ടറായ ശേഷം ജില്ലാ ഭരണകൂടം നേരിട്ട് നടത്തുന്ന മൂന്നാമത്തെ വിവാഹമാണ് ഇന്നത്തേത്.  

 കളക്ടർ എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം :

"ഒരുപാട് സന്തോഷം നൽകിയ ദിനം, ഒപ്പം ആത്മനിർവൃതിയും. ഇന്ന് വളരെ സുന്ദരമായ ഒരു സന്തോഷദിനം. ഇഞ്ചവിള സർക്കാർ ആഫ്റ്റർ കെയർ ഹോമിലെ എന്റെ മകൾ കുമാരി ഷക്കീല യുടെയും വെള്ളിമൺ വെസ്റ്റ് വിഷ്ണു സദനത്തിൽ ശ്രീമതി സതീഭായിയുടെ മകൻ വിധുരാജിന്റെയും വിവാഹ സുദിനം.

collector does kanyadan for girl who was in states protesction for last 18 years in kollam

പനമൂട് ദേവീക്ഷേത്രത്തിൽ വെച്ചായിരുന്നു ഈ മംഗളകർമ്മം. ഞാനും കുടുംബവും ഏറെ സന്തോഷത്തോടെയും ആഹ്ലാദത്തോടെയുമാണ് ഈ കർമ്മത്തിൽ പങ്കു കൊണ്ടത്. നവദമ്പതികൾക്ക് ഏറെ കാലം സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഒന്നായി ജീവിക്കാൻ ആവട്ടെ എന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു.ഈ ജില്ലയിൽ വന്നതിനു ശേഷം കുട്ടികളുടെ രക്ഷകർത്താവ് എന്ന നിലക്ക് നടന്ന മൂന്നാമത്തെ കന്യാദാനം.


പ്രോട്ടോകോൾ പാലിച്ചു നടന്ന ചടങ്ങിൽ ബഹു മന്ത്രി ശ്രീമതി ചിഞ്ചുറാണി അവർകൾ, ശ്രീ പ്രേമചന്ദ്രൻ ബഹു കൊല്ലം എം പി, ശ്രീ നൗഷാദ് ബഹു MLA, ജില്ലാ വനിതാ ശിശു വികസന ഓഫീസർ ശ്രീമതി ഗീതാകുമാരി, സൂപ്രണ്ട് ശ്രീമതി റ്റി ജെ മേരിക്കുട്ടി, ശ്രീമതി സരസ്വതി രാമചന്ദ്രൻ, പ്രസിഡന്റ് ത്രിക്കരുവ ഗ്രാമപഞ്ചായത്ത് എന്നിവർ നേതൃത്വം വഹിച്ചു

 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios