വെയിറ്റിംഗ് ഷെഡ്ഡിന് മുകളിൽ സ്ഥാപിച്ച പരസ്യ ബോർഡുകൾ മാറ്റുന്നതിനിടെയാണ് തകർന്ന് വീണത്.
കോഴിക്കോട്: ബസ്സ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നുവീണ് കോളേജ് വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു. കോഴിക്കോട് മീഞ്ചന്ത ഗവ. ആര്‍ട്‌സ് കോളേജ് വിദ്യാര്‍ത്ഥിനിയും നരിക്കുനി സ്വദേശിനിയുമായ അഭിഷ്‌നയ്ക്കാണ് പരിക്കേറ്റത്. വൈകിട്ട് കോളേജിന് സമീപത്ത് തന്നെയുള്ള ബസ് സ്റ്റോപ്പില്‍ വീട്ടിലേക്ക് പോകാനായി ബസ് കാത്തു നില്‍ക്കുമ്പോഴാണ് അപകടമുണ്ടായത്.
ബസ് ഷെല്‍ട്ടറിന്റെ തൂണുകള്‍ ദ്രവിച്ച നിലയില്‍ ആയതിനെ തുടര്‍ന്ന് ഇതിന് മുകളില്‍ സ്ഥാപിച്ച പരസ്യഹോര്‍ഡിംഗ്‌സുകള്‍ മാറ്റാനായി തൊഴിലാളി വന്നിരുന്നു. ഇയാള്‍ അതിനായി ബസ് ഷെല്‍ട്ടറിന് മുകളില്‍ കയറിയപ്പോള്‍ ഒന്നാകെ താഴേക്ക് പതിക്കുകയായിരുന്നു. അഭിഷ്‌നയുടെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാലിന്‍റെ എല്ലിന് പൊട്ടലുണ്ടെന്നാണ് വിവരം. ഷെഡ്ഡിന്‍റെ ഒരു ഭാഗം കുട്ടിയുടെ കാലിൽ വീഴുകയായിരുന്നു. വിദ്യാര്‍ത്ഥിനിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്.
പരസ്യ ബോർഡ് മാറ്റാനെത്തിയ തൊഴിലാളിക്കും വീണ് പരിക്കേറ്റു. ഈ സമയത്ത് ഇവിടെ ബസ് കാത്തു നിന്ന മറ്റുള്ളവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കോളേജ് വിടുന്ന നേരമായതിനാൽ വിദ്യാർത്ഥികളടക്കം നിരവധി പേർ വെയിറ്റിംഗ് ഷെഡ്ഡിൽ ഉണ്ടായിരുന്നു. ഓടി രക്ഷപ്പെട്ടതിനാൽ ഇവർ തലനാരിഴക്ക് രക്ഷപ്പെട്ടു.
