നെടുങ്കണ്ടം ഗവ. പോളിടെക്‌നിക് കോളേജില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളും കോളേജിലെ വിദ്യാര്‍ത്ഥികളുമായി സംഘര്‍ഷം. സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ മുന്‍ കോളേജ് യൂണിയന്‍ സെക്രട്ടറിയും മുന്‍ ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറിയും അടക്കം ഏഴ് പൂര്‍വ്വ വിദ്യാര്‍ഥികള്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു. 

ഇടുക്കി: നെടുങ്കണ്ടം ഗവ. പോളിടെക്‌നിക് കോളേജില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളും കോളേജിലെ വിദ്യാര്‍ത്ഥികളുമായി സംഘര്‍ഷം. സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ മുന്‍ കോളേജ് യൂണിയന്‍ സെക്രട്ടറിയും മുന്‍ ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറിയും അടക്കം ഏഴ് പൂര്‍വ്വ വിദ്യാര്‍ഥികള്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു. 

സ്ഥലത്തെത്തിയ പൊലീസിനെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. ഏഴ് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു. പൊലീസ് ലാത്തിവീശിയാണ് സംഘര്‍ഷാവസ്ഥ നിയന്ത്രണവിധേയമാക്കിയത്. മുന്‍ കോളേജ് യൂണിയന്‍ ജന. സെക്രട്ടറി ആകാശ്(22), ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി അശ്വരാജ്(21), യദു(21), രാഹുല്‍ സുദേവന്‍(21), ജിഷ്ണു(21), അശ്വിന്‍ലാല്‍(21), കാര്‍ത്തിക് വിജയ്(21) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. 

കഴിഞ്ഞ വര്‍ഷം വിവിധ കോഴ്‌സുകള്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങുന്നതിനായാണ് ഇന്നലെ കോളേജില്‍ എത്തിയത്. കോളേജില്‍ എത്തിയ ഇവരെ വിദ്യാര്‍ത്ഥികള്‍ ആദ്യം അസഭ്യവര്‍ഷം നടത്തി. പിന്നീട് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി കാന്റീനില്‍ എത്തിയപ്പോള്‍ ഏതാനും വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ആക്രമിച്ചു. പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എത്തി മര്‍ദ്ദിക്കുകയായിരുന്നു എന്ന് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനായി എത്തുമ്പോള്‍ അക്രമിക്കുമെന്ന് കോളേജിലെ ചില വിദ്യാര്‍ത്ഥികള്‍ പൂര്‍വ്വ വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അക്രമം ഭയന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഇന്നലെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. കോളേജിലെത്തി സംഘര്‍ഷമുണ്ടായാല്‍ സ്ഥലത്തെത്താമെന്ന് പറഞ്ഞ് പൊലീസ് ഇവരെ കോളേജിലേക്ക് അയയ്ക്കുകയായിരുന്നു. സംഘര്‍ഷത്തിനിടെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ പൊലീസിനെ വിവരം അറിയിച്ചു. 

പൊലീസ് എത്തി അക്രമം നടത്തിയ നാല് പേരെ ജീപ്പില്‍ കയറ്റുന്നതിനിടെ അമ്പതോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പൊലീസ് വാഹനം തടഞ്ഞു. തുടര്‍ന്ന് ലാത്തി വീശി വിദ്യാര്‍ത്ഥികളെ വിരട്ടി ഓടിച്ച ശേഷമാണ് പൂര്‍വ്വവിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാല് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.