അടിയന്തിര ചികിത്സയ്ക്ക് മെഡിസെപ് ആനുകൂല്യം നിഷേധിച്ച ഇൻഷുറൻസ് കമ്പനിക്കെതിരെ കോഴിക്കോട് ജില്ലാ ഉപഭോക്തൃ കമ്മീഷൻ നിർണ്ണായക വിധി പുറപ്പെടുവിച്ചു. കിഴിശ്ശേരി സ്വദേശിനിക്ക് 2,90,000 രൂപ നഷ്ടപരിഹാരം നൽകാൻ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയോട് കമ്മീഷൻ ഉത്തരവിട്ടു. 

കോഴിക്കോട്: അടിയന്തിര ചികിത്സയ്ക്ക് മെഡിസെപ് ആനുകൂല്യം നിഷേധിച്ചതിൽ നടപടിയുമായി കോഴിക്കോട് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. കിഴിശ്ശേരി സ്വദേശിനിയ്ക്ക് ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരമായി 29,00,00 രൂപ നല്‍കണമെന്ന് കമ്മീഷൻ വിധിച്ചു. അടിയന്തിര ഘട്ടത്തിലെ ചികിത്സക്ക് മെഡിസെപ് ഇൻഷുറന്‍സ് പാനല്‍ ആശുപത്രിയില്‍ അല്ലാതെ അഡ്മിറ്റ് ചെയ്താലും ഇന്‍ഷുറന്‍സ് ആനുകൂല്യത്തിന് അര്‍ഹതയുണ്ടെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വ്യക്തമാക്കി. കിഴിശേരി സ്വദേശിനിയ്ക്ക് ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരമായി 29,00,00 രൂപ നല്‍കണമെന്നും കമ്മീഷന്‍ വിധിച്ചു.

സ്‌ട്രോക്ക് വന്ന് തളര്‍ന്നതിനാലാണ് പരാതിക്കാരിയെ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. മെഡിസെപ് ഇന്‍ഷുറന്‍സ് പാനലില്‍ സ്‌ട്രോക്കിനുള്ള ചികിത്സക്ക് ആശുപത്രിയെ ഉള്‍പ്പെടുത്തിയില്ലെങ്കിലും അടിയന്തര സ്വഭാവമുള്ള ആരോഗ്യ പ്രശ്‌നമായതിനാലാണ് അവിടെ ചികിത്സിച്ചത്. ചികിത്സാ ആനുകൂല്യത്തിന് സമീപിച്ചപ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനി ആനുകൂല്യം നിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് ജില്ലാ ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കിയത്.

അപകടത്തെ തുടര്‍ന്നുണ്ടാകുന്ന അടിയന്തിര സ്വഭാവമുള്ള ചികിത്സകള്‍ക്ക് ആനുകൂല്യം നല്‍കണമെന്ന് മെഡിസെപ് പദ്ധതിയില്‍ തന്നെ വ്യവസ്ഥയിരിക്കെ ഇന്‍ഷൂറന്‍സ് നിഷേധിച്ച ഓറിയന്‍റല്‍ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെയാണ് കമ്മിഷന്‍റെ വിധി. ചികിത്സാ ചെലവായ 2,35,000 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവായി 5,000 രൂപയും നല്‍കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു. വീഴ്ച വന്നാല്‍ ഒന്‍പതു ശതമാനം പലിശ നല്‍കണമെന്നും കെ. മോഹന്‍ദാസ് പ്രസിഡന്‍റും പ്രീതി ശിവരാമന്‍, സി വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.