ഇടുക്കി: കൊരണ്ടിക്കാട്ടില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. വാഹനത്തിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. കൊരണ്ടിക്കാട് എസ്റ്റേറ്റില്‍ ഞാനദുരൈയുടെ വാഗനാര്‍ കാറിന്റെ പിന്‍വശത്തെ ചില്ലാണ് യുവാക്കളുടെ നേത്യത്വത്തിലുള്ള സംഘം അടിച്ചുതകര്‍ത്തത്. ഞായറാഴ്ച രാത്രിയില്‍ സമീപത്തെ കാത്തിരിപ്പ് കേന്ദ്രത്തില്‍ കയറി മദ്യപിച്ചശേഷം വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തല്ലിതകര്‍ത്തത്.

തുടര്‍ന്ന് പ്രദേശത്ത് ഭീകരന്തരീക്ഷം സ്യഷ്ടിച്ച സംഘം സമീപത്തെ കടയുടെ ചില്ലുകള്‍ തകര്‍ത്ത് വ്യാപാരത്തിനായി സൂക്ഷിച്ചിരുന്ന ശീതള പാനീയങ്ങള്‍ മോഷ്ടിച്ചു. ഇതിനുമുന്‍പും ഇത്തരം സംഭവങ്ങള്‍ എസ്റ്റേറ്റില്‍ നടന്നിരുന്നതായി ഞാനദുരൈ  പറയുന്നു. ഫോട്ടോ പോയിന്റില്‍ സന്ദര്‍ശകരുടെ ഫോട്ടോയെടുക്കുന്ന ചില യുവാക്കള്‍ വൈകുന്നേരങ്ങളില്‍ കാത്തിരിപ്പ് കേന്ദ്രത്തിലെത്തി മദ്യപിക്കുന്നത് പതിവാണ്. കഞ്ചാവടക്കമുള്ളവ ഉപയോഗിച്ചശേഷം വഴിയില്‍ പോകുന്ന സ്ത്രീകളടക്കമുള്ളവരെ ഉപദ്രവിക്കുന്നതായും ഞാനദുരൈ ആരോപിച്ചു. സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ദേവികുളം പൊലീസില്‍ പരാതി നല്‍കി. നാട്ടുകാര്‍ക്ക് ശല്യമാകുന്ന യുവാക്കളെ നേര്‍വഴിയിലെത്തിക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കണമെന്നാണ് ഇയാളുടെ ആവശ്യം.

Read More: കോഴിക്കോട് കാര്‍ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു; അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ