തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനായി അദാനി ഗ്രൂപ്പ് കൊണ്ടുവന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകള്‍ തദ്ദേശീയവാസികളുടെ ജീവിതത്തിന് ഭീഷണിയാകുന്നുവെന്ന് ചൂണ്ടിക്കാട്ടി സ്ത്രീകളടക്കം 102 പേര്‍ ഒപ്പിട്ട പരാതി മുഖ്യമന്ത്രിക്ക് നല്‍കി. വിഴിഞ്ഞം മുക്കോലയില്‍ പത്തേക്കറോളം വരുന്ന സ്ഥലത്താണ് അദാനി ഗ്രൂപ്പിന് വേണ്ടി രണ്ട് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. 

വൈകുന്നേരം മുതല്‍ പുലരുവോളം ക്യാമ്പില്‍ മദ്യാപാനവും മറ്റ് ലഹരിമരുന്ന് ഉപയോഗവും നടക്കുന്നുണ്ടെന്നും മയക്കുമരുന്ന് വില്‍പനയും ഇവിടെ തകൃതിയാണെന്നും നാട്ടുകാര്‍ ആരോപിച്ചു. പകല്‍ പോലും ഇതുവഴിയുള്ള പൊതുവഴിയേ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നടക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും രാത്രികാലങ്ങളില്‍ ക്യാമ്പില്‍ നിന്നുള്ള തൊഴിലാളികള്‍ സമീപപ്രദേശത്തെ വീടുകളില്‍ മോഷണത്തിനും ഒളിഞ്ഞുനോട്ടത്തിനും എത്തുന്നതായും നാട്ടുകാര്‍ പരാതിപ്പെടുന്നു. 

കഴിഞ്ഞ ദിവസം ഇത്തരത്തില്‍ സമൂപത്തെ ഒരു വീട്ടില്‍ ഒളിഞ്ഞുനോക്കാനെത്തിയ ഒരു ഇതരസംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. എന്നാല്‍ മണിക്കൂറുകള്‍ തികയും മുന്നേ പൊലീസ് ജീപ്പില്‍ ഇയളെ ക്യാമ്പില്‍ പൊലീസ് തന്നെ കൊണ്ട് ചെന്ന് ഇറക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിക്കുകയും പൊലീസ് ജീപ്പ് തടയുകയും ചെയ്തു. 

പിന്നീട് മണിക്കൂറുകള്‍ നീണ്ട തിരിച്ചറിയല്‍ പരേഡ് നടത്തിയാണ് പ്രതിയേ പൊലീസ് വീണ്ടും സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. സമീപ പ്രദേശത്തെ സ്ത്രീകളുടെ വസ്ത്രങ്ങളാണ് പ്രധാനമായും മോഷണം പോകുന്നത്. ഇങ്ങനെ മോഷണം പോകുന്ന വസ്ത്രങ്ങള്‍ പലപ്പോഴും ക്യാമ്പിന് സമീപത്തെ കാട് പിടിച്ച പ്രദേശത്ത് പിന്നീട് കണ്ടെത്തിയിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ പരാതി പറഞ്ഞാല്‍ പൊലീസ് കേസെടുക്കാന്‍ തയ്യാറാകുന്നില്ലെന്നും ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതെന്നും നാട്ടുകാര്‍ പറഞ്ഞു. മറ്റൊരു കമ്പനിക്ക് കരാർ നൽകിയാണ് അദാനി ഗ്രൂപ്പ് ഈ ലേബർ ക്യാമ്പുകൾ നടത്തുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. പല തവണ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നും ക്യാമ്പുകളുടെ താത്കാലിക വേലി മാറ്റി സ്ഥിരം മതില്‍ സ്ഥാപിക്കണമെന്നും സെക്യൂരിറ്റി ചെക്കിങ്ങ് നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.