എഴുമറ്റൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ അഭിനവ് ബി പിള്ള (17) നാണ് പരിക്കേറ്റത്.

പത്തനംതിട്ട: യൂണിഫോമിന് പിന്നിൽ പേന ഉപയോഗിച്ച് കുത്തി വരച്ചത് ചോദ്യം ചെയ്ത പ്ലസ് ടു വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂര മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റു. എഴുമറ്റൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ അഭിനവ് ബി പിള്ള (17)യ്ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്നുമണിയോടെയായിരുന്നു സംഭവം. പ്ലസ് ടു വിദ്യാർഥികൾ തന്നെ മർദ്ദിക്കുകയായിരുന്നുവെന്ന് അഭിനവ് പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

അഭിനവും, മർദ്ദിച്ചുവെന്ന് ആരോപിക്കുന്ന വിദ്യാർത്ഥികളും ഇംഗ്ലീഷ് ക്ലാസ്സിൽ ഒന്നിച്ചാണ് പഠനം. ക്ലാസിനിടെ അഭിനവിന്റെ പിൻ ബെഞ്ചിൽ ഇരിക്കുന്ന ബ്ലെസൻ അടങ്ങുന്ന അഞ്ചംഗ സംഘം ഷർട്ടിന്റെ പിൻവശത്ത് പേന വെച്ച് വരയ്ക്കുകയും എഴുതുകയും ചെയ്യുക പതിവായിരുന്നു. തിങ്കളാഴ്ച ക്ലാസ്സിൽ എത്തിയ അഭിനവ് ഇത് ചോദ്യം ചെയ്തു. തുടർന്ന് ഇൻറർവെൽ സമയത്ത് സൗഹൃദം നടിച്ച അഞ്ചംഗസംഘം എൽപി സ്കൂളിലെ സ്റ്റാഫ് റൂം പരിസരത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുകൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്നാണ് അഭിനവിന്റെ പരാതിയിൽ പറയുന്നത്. 

തലയ്ക്ക് പിന്നിലും മുഖത്തും കണ്ണിനും പരിക്കേറ്റ അഭിനവ് മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവം സംബന്ധിച്ച് അഭിനവിന്റെ മാതാവ് പെരുമ്പെട്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിൽ ആരോപണ വിധേയരായ വിദ്യാർഥികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സ്കൂൾ പ്രിൻസിപ്പൽ എം ബിന്ദു പ്രതികരിച്ചു.

YouTube video player