ആലുവ എടത്തലയിലെ എൻഎഡിയിൽ വ്യാജ നിയമന ഉത്തരവ് തയ്യാറാക്കിയ ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു. ഉദ്യോഗസ്ഥന്റെ ഔദ്യോഗിക സീൽ ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തിയ ലീഡിങ് ഫയർമാൻ എം വി ജിജിത്തിനെതിരെയാണ് നടപടി. വ്യാജ ഉത്തരവുമായി ഒരാൾ ജോലിക്ക് എത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്.
ആലുവ: എടത്തല കോമ്പാറയിലെ എൻഎഡി (നേവൽ ആർമമെന്‍റ് ഡിപ്പോ) ജീവനക്കാരനെതിരെ വ്യാജ നിയമന ഉത്തരവ് തയ്യാറാക്കി വിശ്വാസവഞ്ചന നടത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. എൻഎഡിയിലെ ചീഫ് ഡ്രാഫ്റ്റ്സ്മാനും ജൂനിയർ ഡിസൈൻ ഓഫിസറുമായ മുഹമ്മദ് അഷ്റഫിന്റെ ഔദ്യോഗിക സീൽ ദുരുപയോഗം ചെയ്ത് വ്യാജ നിയമന ഉത്തരവ് തയ്യാറാക്കിയെന്ന പരാതിയിലാണ് ലീഡിങ് ഫയർമാൻ എം വി ജിജിത്തിനെതിരെ നടപടി.
എൻഎഡി ഡപ്യൂട്ടി ജനറൽ മാനേജർ ബി. ലക്ഷ്മി പ്രസന്നകുമാർ കഴിഞ്ഞ ജനുവരി 12ന് റൂറൽ എസ്പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. എടത്തല എസ്ഐ എസ്എസ് ശ്രീജിത്താണ് അന്വേഷണം നടത്തിയത്. ഒരു വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. വ്യാജ നിയമന ഉത്തരവുമായി ഒരാൾ എൻഎഡിയിൽ ജോലിക്കായി എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഉത്തരവ് വ്യാജമാണെന്ന് കണ്ടെത്തിയത്. വ്യാജ ഉത്തരവ് തയ്യാറാക്കിയതായി ആരോപണമുള്ള ജിജിത്ത് നിലവിൽ സസ്പെൻഷനിലാണ്. ജിജിത്തിനെയും വ്യാജ നിയമന ഉത്തരവ് കൈപ്പറ്റിയ വ്യക്തിയെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.


