ചേർത്തല: പുരയിടത്തിൽ അതിക്രമിച്ചു കയറി മരങ്ങൾ വെട്ടി നശിപ്പിച്ചതായി പരാതി. തണ്ണീർമുക്കം പഞ്ചായത്ത് 22-ാം വാർഡിൽ ലിസിപ്പള്ളിയ്ക്ക് സമീപം ഉഴുത്ത് രാശേരി സത്യപാലന്റ (57) പുരയിടത്തിന് സമീപമുണ്ടായിരുന്ന വൃക്ഷങ്ങളും കമ്പിവേലികളും നശിപ്പിച്ചതായാണ് ചേർത്തല പൊലീസിൽ പരാതി നൽകിയത്. 

തിങ്കളാഴ്ച രാത്രി 9.30 ഓടെ ഒരു സംഘം ആളുകൾ മരം മുറിയ്ക്കുന്ന ആധുനിക ഉപകരണങ്ങൾ കൊണ്ടു വന്നാണ് വലുതും ചെറുതുമായ അനവധി മരങ്ങൾ മുറിച്ചത്. ഇതിന് സമീപം പുതുതായി നിർമ്മിച്ച ഗ്രാവൽ റോഡുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് കാരണം. 

22-ാം വാർഡ് നിവാസികളായ ഉത്തമൻ നികർത്തിൽ, ബെന്നി പള്ളേക്കാട്ട്, സജിനികർത്തിൽ, അജയകുമാർ അജിഭവൻ എന്നിവർക്കെതിരെ ചേർത്തല പൊലീസ് കേസെടുത്തു. അര ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.