മലപ്പുറം: അമരമ്പലം എ ആർ നഗർ കോ-ഓപ്പറേറ്റിവ് ബാങ്കിലെ ജീവനക്കാരൻ വീട്ടമ്മയുടെ പേരിലുള്ള ആധാരം പണയപ്പെടുത്തി 45 ലക്ഷം രൂപ തട്ടിയെടുത്തതായി വനിത കമ്മീഷന് പരാതി ലഭിച്ചു. പല തവണകളായി രേഖകൾ ഒപ്പിട്ടുവാങ്ങി തന്നെ വഞ്ചിക്കുകയായിരുന്നുവെന്നാണ് പരാതി. തുക തനിക്ക് കിട്ടിയിട്ടില്ലെന്നും പരാതിയിൽ പറയുന്നു. പരാതി സഹകരണ വകുപ്പിന് കൈമാറുമെന്നും സമഗ്രമായ അന്വേഷണത്തിന് നിർദേശം നൽകുമെന്നും വനിതാ കമ്മീഷൻ അംഗം ഇ എം രാധ പറഞ്ഞു.

ഭർത്താവ് മരിച്ച ശേഷം ഭർത്താവിന്റെ സ്വത്തുക്കളും പണവും ഭർതൃവീട്ടുകാർ തട്ടിയെടുത്തതായി കാണിച്ച് യുവതി വനിത കമ്മീഷനെ സമീപിച്ചു. പാസ്‌പോർട്ട് അടക്കമുള്ള രേഖകൾ പോലും കൈമാറാത്തുകൊണ്ട് നോർക്കയിൽ നിന്ന് കിട്ടേണ്ട ആനുകൂല്യങ്ങൾ പോലും തനിക്ക് നിഷേധിക്കപ്പെടുകയാണെന്ന് യുവതി പരാതിയിൽ പറയുന്നു. പരാതിയിൽ വിശദമായ അന്വേഷണം ആവശ്യപ്പെടുമെന്ന് കമ്മീഷൻ അംഗങ്ങൾ  അറിയിച്ചു.

Read More: ഷാഹിദ കമാലിനോട് അപമര്യാദയായി പെരുമാറിയ സംഭവം: ഓട്ടോ ഡ്രൈവർ മാപ്പപേക്ഷ നൽകി

ജില്ലാപഞ്ചായത്ത് ഹാളിൽ നടന്ന സിറ്റിങിൽ വനിത കമ്മീഷൻ അംഗങ്ങളായ ഷാഹിദ കമാലും ഇ എം രാധയും പങ്കെടുത്തു. അഭിഭാഷകരായ ഷാൻസി നന്ദകുമാർ, രാജേഷ് പുതുക്കോട്, ബീന എന്നിവരും സിറ്റിങിൽ പങ്കെടുത്തു. 50 പരാതികൾ ലഭിച്ചതിൽ ആറെണ്ണം തീർപ്പാക്കി. രണ്ട് പരാതികൾ അന്വേഷണത്തിനായി മാറ്റിവെച്ചു. 42 പരാതികൾ ഫെബ്രുവരി 27 ന് നടക്കുന്ന അദാലത്തിലേക്ക് മാറ്റി.