വിവരമറിഞ്ഞ് ഏലൂരിൽ നിന്നും തൃക്കാക്കരയിൽ നിന്നും ഓരോ യൂണിറ്റ് ഫയർ ആൻഡ് റെസ്ക്യു ഉദ്യോഗസ്ഥർ എത്തിയെങ്കിലും കമ്പനിയിലെ സംവിധാനങ്ങൾ ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കിയിരുന്നു.
കൊച്ചി: ഗ്രീൻ ലീഫ് എക്സ്ട്രാക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ കളമശ്ശേരി കിൻഫ്ര ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. അതേസമയം ഫാക്ടറി കെട്ടിടത്തിനും സമീപത്തെ കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. ഇന്നലെ രാവിലെ 10.15-ഓട് കൂടിയാണ് വൻ ശബ്ദത്തിൽ ബോയിലർ പൊട്ടിത്തെറിച്ചത്. സേഫ്റ്റി വാൽവ് തകരാറിലായതിനെ തുടർന്നാണ് ബോയിലർ പൊട്ടിത്തെറിച്ചത്.
വിവരമറിഞ്ഞ് ഏലൂരിൽ നിന്നും തൃക്കാക്കരയിൽ നിന്നും ഓരോ യൂണിറ്റ് ഫയർ ആൻഡ് റെസ്ക്യു ഉദ്യോഗസ്ഥർ എത്തിയെങ്കിലും കമ്പനിയിലെ സംവിധാനങ്ങൾ ഉപയോഗിച്ച് അതിന് മുൻപ് തന്നെ തീ നിയന്ത്രണ വിധേയമാക്കിയിരുന്നു. പരിക്കേറ്റ നാല് പേരെയും ഉടൻ എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. മൂന്ന് പേർക്ക് പ്രാഥമിക ചികിത്സ നല്കിയ ശേഷം വിട്ടയച്ചു. തൃപ്പൂണിത്തുറ ചാത്തുകുളത്ത് വീട്ടിൽ സുരേഷി(50)ന് കാലിൽ പരിക്കേറ്റതിനാൽ ചികിത്സയിൽ തുടരുകയാണ്.
സുഗന്ധവ്യഞ്ജനങ്ങളുടെ സത്ത് വേർതിരിച്ചെടുക്കുന്ന ഫാക്ടറിയാണിത്. ഗ്രീൻ ലീഫ് കെട്ടിടത്തിന്റെ ബോയിലർ സ്ഥാപിച്ചിരുന്ന മേൽക്കൂര പൂർണമായും തകർന്നു. മുറിയിൽ ഉണ്ടായിരുന്ന അനുബന്ധ യന്ത്രസാമഗ്രികൾക്കും കേടുപാടുകളുണ്ടായി. സമീപത്തെ വിദ്യാഭ്യാസ സ്ഥാപനത്തിലെ ക്ലാസ് മുറികളുടെയും മറ്റ് രണ്ട് സ്ഥാപനങ്ങളുടെയും ചില്ല് തകർന്നു. മന്ത്രി പി രാജീവ്, കളമശ്ശേരി നഗരസഭാ ചെയർമാൻ ജമാൽ മണക്കാൻ തുടങ്ങിയവർ സ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി.


