ആലപ്പുഴ: പുളിങ്കുന്നിലെ കുടുംബവീട്ടിൽ അച്ഛനെ കാണാനെത്തിയ മാധ്യമപ്രവർത്തകയെ സഹോദരി  ഭർത്താവ്‌ ആക്രമിച്ചു. ദേശാഭിമാനി കൊച്ചി യൂണിറ്റിലെ റിപ്പോർട്ടർ ആർ ഹേമലതയെയാണ്‌ സഹോദരി ഭർത്താവ്‌  അഡ്വ. പി കെ മധുസൂദനൻ ആക്രമിച്ചത്‌.  പ്രതിയെ വൈകിട്ടോടെ അറസ്‌റ്റ്‌ ചെയ്തു.ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന്‌ പുളിങ്കുന്ന്‌  എസ്‌എച്ച്‌ഒ ഇഗ്നേഷ്യസ്‌ അറിയിച്ചു.

പരിക്കേറ്റ ഹേമലത പുളിങ്കുന്ന്‌ ആശുപത്രിയിൽ ചികിത്സ തേടി. മരിച്ചുപോയ ഭർത്താവ്‌ ജി മധുമോഹന്റെ പുളിപ്പറമ്പിൽ വീട്ടിൽ ഇളയമകനും കൂട്ടുകാരിക്കുമൊപ്പം ശനിയാഴ്‌ചയാണ്‌ ഹേമലത എത്തിയത്‌. സമീപത്തുള്ള കുടുംബവീടായ ഗോവിന്ദവിലാസത്തിൽ തൊണ്ണൂറുകാരനായ പിതാവ്‌ രാജപ്പൻ നായരെ സന്ദർശിക്കാനെത്തിയതോടെ മധുസൂദനൻ അഭസ്യവർഷവുമായി ആക്രമിക്കുകയായിരുന്നു.

ഒപ്പുമണ്ടായിരുന്നു സുഹൃത്തിന്റെ ഇടപെടലിലാണ്‌ കൂടുതൽ പരിക്കേൽക്കാതെ മാധ്യമപ്രവർത്തക രക്ഷപ്പെട്ടത്‌. സ്‌ത്രീകൾക്കെതിരായ അതിക്രം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ്‌ കേസ്‌ എടുത്തിട്ടുള്ളതെന്നും എസ്‌എച്ച്‌ഒ അറിയിച്ചു.