നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ സ്ഥാപന ഉടമകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു

കൽപ്പറ്റ : പച്ചക്കറി, പലചരക്ക് മുതല്‍ ഇറച്ചിക്ക് വരെ അമിതവില ഈടാക്കുന്നതായി ലഭിച്ച പരാതിയെ തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പൊതുവിതരണ വകുപ്പ് പരിശോധന കര്‍ശനമാക്കി. മൊത്ത, ചില്ലറ വ്യാപാര ശാലകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ കൂടാതെ മത്സ്യ, മാംസാദികള്‍ വില്‍ക്കുന്ന കടകളിലും തിങ്കളാഴ്ച മുതല്‍ പരിശോധന നടത്തുകയാണ് ജില്ല പൊതുവിതരണ ഉപഭോക്തൃകാര്യവകുപ്പ്. വിലവിവരം പ്രദര്‍ശിപ്പാക്കാതിരിക്കുക, അമിതവില ഈടാക്കുക, ലൈസന്‍സുകള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുക തുടങ്ങിയ കാര്യങ്ങളാണ പ്രധാനമായും പരിശോധിക്കുന്നത്.

ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ സ്ഥാപന ഉടമകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഈ പരിശോധനക്ക് പുറമെ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധനയും ജില്ലയില്‍ നടക്കുന്നുണ്ട്. കഴിഞ്ഞ മാസവും പനമരത്തെ ഭക്ഷണശാലകളില്‍ നിന്ന് പഴകിയ എണ്ണയും മറ്റു ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തിരുന്നു. വിനോദ സഞ്ചാരികള്‍ എത്തുന്ന ജില്ലയെന്ന നിലക്ക് പരിശോധന കര്‍ശനമാക്കിയില്ലെങ്കിലും ഭക്ഷ്യവിഷബാധയടക്കമുള്ള പ്രശ്‌നങ്ങളിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ തുടര്‍ച്ചയായുള്ള പരിശോധന.